ശബരിമല ദര്‍ശനം; ബിന്ദുവിന് പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവ് ഹരിഹരന്‍; സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് ശബരിമലയ്ക്ക് പോയി എന്ന് കനകദുര്‍ഗയുടെ ഭര്‍ത്താവ്

മലപ്പുറം: മലകയറാന്‍ എത്തിയ മലപ്പുറം സ്വദേശിനി ബിന്ദുവിന് പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവ് ഹരിഹരന്‍.10 വര്‍ഷം മുമ്പ് സിപിഎംഎല്ലില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് നിലവില്‍ രാഷ്ട്രീയ പശ്ചാത്തലമില്ലെന്നും ഹരിഹരന്‍ വ്യക്തമാക്കി. അതേസമയം നേരത്തെ ഉണ്ടായിട്ടുള്ള അക്രമങ്ങള്‍ മുന്നില്‍ കണ്ട് ഹരിഹരനും മകളും വീട്ടില്‍ നിന്ന് മാറിയിരുന്നു.

അതേസമയം ബിന്ദുവിന്റെ കൂടെ ഉണ്ടായിരുന്ന കനകദുഗ എന്ന യുവതിയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണി പറഞ്ഞത് തന്റെ ഭാര്യ പറയാതെയാണ് പോയത് എന്നായിരുന്നു. വെള്ളിയാഴ്ചയാണ് പെരിന്തല്‍മണ്ണയിലെ വീട്ടില്‍ നിന്ന് കനകദുര്‍ഗ പുറപ്പെട്ടത്. അരീക്കോടുള്ള സ്വന്തം വീട്ടിലേക്ക് പോവുകയാണെന്നും ശനിയാഴ്ച തിരിച്ചെത്തുമെന്നും പറഞ്ഞിരുന്നു എന്നും കൃഷ്ണനുണ്ണി പറഞ്ഞു.

എന്നാല്‍ ക്രമസമാധാന പ്രശ്‌നം കാരണം ഇരുവര്‍ക്കും പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. കൂടാതെ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപെട്ടെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ബിന്ദു ഇക്കാര്യം നിഷേധിച്ചു. പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കിയെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ സംഘര്‍ഷം അവസാനിച്ചാല്‍ തിരിച്ച് ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കാമെന്ന് പോലീസ് വാഗ്ദാനം നല്‍കിയതായും ബിന്ദു പറഞ്ഞു.

Exit mobile version