ആരോഗ്യവകുപ്പ് ഡയറക്ടറുടെ വാഹനത്തില്‍ ആരോഗ്യമന്ത്രി; തിരുവനന്തപുരം ജില്ലാ ആശുപത്രിയില്‍ വീണാ ജോര്‍ജിന്റെ മിന്നല്‍ പരിശോധന, വീഴ്ചകള്‍ക്കെതിരെ നടപടി

Minister veena george | Bignewslive

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ മിന്നല്‍ പരിശോധന. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വാഹനത്തിലാണ് മന്ത്രി എത്തിയത്. ഒ പി വിഭാഗത്തിലടക്കം ഡ്യൂട്ടിയില്‍ ഡോക്ടര്‍മാര്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഗുരുതര വീഴ്ചകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

കഴിഞ്ഞദിവസം രാവിലെ എട്ടരയോടെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം നേരില്‍ക്കണ്ട് വിലയിരുത്താന്‍ മന്ത്രി വീണ ജോര്‍ജ് പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തിയത്. രണ്ട് മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ച് നടത്തിയ പരിശോധനയില്‍ ഡ്യൂട്ടിയില്‍ ഡോക്ടര്‍മാര്‍ ഇല്ലെന്നത് ഉള്‍പ്പെടെ നിരവധി വീഴ്ചകള്‍ കണ്ടെത്തിയ ശേഷമായിരുന്നു മന്ത്രിയുടെ മടക്കം.

രാവിലെ തിരക്കുള്ള സമയത്ത് മെഡിസിന്‍ ഒ പിയില്‍ ധാരാളം രോഗികള്‍ കാത്തിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഇല്ലായിരുന്നു. ഓര്‍ത്തോ വിഭാഗത്തിലും സമാന അവസ്ഥ കണ്ടെത്തി. ഒ പി ഡോക്ടര്‍മാര്‍ റൗണ്ട്സിലാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡുകളിലെത്തി പരിശോധിച്ചെങ്കിലും വാര്‍ഡുകളില്‍ റൗണ്ട്സ് കൃത്യമായി നടക്കുന്നില്ലെന്നും കണ്ടെത്തി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ഹാജര്‍ പരിശോധിച്ച മന്ത്രി കര്‍ശന നടപടിക്ക് വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ചികിത്സാ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട രോഗിക്ക് രേഖകള്‍ പരിശോധിച്ച് ആനുകൂല്യം ഉറപ്പാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.

Exit mobile version