പിണങ്ങിപ്പിരിഞ്ഞു; കാമുകിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്, വായില്‍ കുത്തിപ്പിടിച്ച് ഡീസലൊഴിച്ചു! അറസ്റ്റ്

കോട്ടയം: പിണങ്ങിപ്പിരിഞ്ഞ പെണ്‍സുഹൃത്തിനെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം വായില്‍ ഡീസലൊഴിച്ച് യുവാവിന്റെ ക്രൂരത. സംഭവത്തില്‍ കൊല്ലാട് കടുവാക്കുളത്തെ ഓട്ടോഡ്രൈവറായ കടുവാക്കുളം മടമ്പുകാട് തൊണ്ടിപ്പറമ്പില്‍ ജിതിന്‍ സുരേഷ് (24) അറസ്റ്റിലായി. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ പൂവന്തുരുത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം.

19-കാരിയായ പൂവന്തുരുത്ത് സ്വദേശിനിയും യുവാവും പ്രണയത്തിലായിരുന്നു. എന്നാല്‍, യുവാവിന്റെ സ്വഭാവദൂഷ്യത്തെത്തുടര്‍ന്ന് അടുത്തിടെ യുവതി പിണങ്ങിപ്പിരിയുകയും ചെയ്തു. പൂവന്തുരുത്തില്‍ സുഹൃത്തുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ ഓട്ടോയുമായി അടുത്തെത്തിയ യുവാവ് പെണ്‍കുട്ടിയെ ബലമായി ഓട്ടോയില്‍ കയറ്റി ഓടിച്ചുപോവുകയായിരുന്നു.

നാട്ടകം പാറേച്ചാല്‍ ബൈപ്പാസിലെത്തിയപ്പോള്‍ ആളൊഴിഞ്ഞസ്ഥലത്ത് ഓട്ടോ നിര്‍ത്തിയിറങ്ങിയ യുവാവ് പെണ്‍കുട്ടിയെ മര്‍ദിച്ച് വസ്ത്രങ്ങള്‍ വലിച്ചുകീറി. തുടര്‍ന്ന് വായില്‍ കുത്തിപ്പിടിച്ച് ഡീസലൊഴിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. അതേസമയം, ഡീസല്‍കുപ്പി തട്ടിത്തെറിപ്പിച്ച യുവതി ബഹളമുണ്ടാക്കിയതോടെ നാട്ടുകാര്‍ ശ്രദ്ധിക്കുന്നതുകണ്ട പ്രതി പെണ്‍കുട്ടിയെ വീണ്ടും ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി വീടിനുസമീപം ഇറക്കിവിടുകയായിരുന്നു.

പരിക്കേറ്റ പെണ്‍കുട്ടി രാത്രി വീട്ടുകാരെത്തിയപ്പോള്‍ വിവരംപറയുകയും തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Exit mobile version