അടുത്ത മണിക്കൂറില്‍ ആറ് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത; അതിശക്തമായ കാറ്റിനും സാധ്യത, അഞ്ചിടത്ത് ഓറഞ്ച് അലേര്‍ട്ട്

Heavy Rain | Bignewslive

തിരുവനന്തപുരം: അടുത്ത മണിക്കൂറില്‍ ആറ് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.

ഇതോടൊപ്പം 11 മുതല്‍ കേരളത്തില്‍ വീണ്ടും അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. 11ന് വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും 10നും മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെലോ അലര്‍ട്ട് (ശക്തമായ മഴ) നല്‍കിയിട്ടുണ്ട്.

അറബിക്കടലിലെ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറിയതിനാല്‍ മധ്യ കിഴക്കന്‍, പടിഞ്ഞാറന്‍ അറബിക്കടലില്‍ നാളെ വരെ മത്സ്യബന്ധനത്തിനു പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുള്ളതിനാല്‍, ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോയവര്‍ നാളേക്കകം മടങ്ങിയെത്തണമെന്നും നിര്‍ദേശം കൈമാറി.

Exit mobile version