മായം കലര്‍ന്ന ശര്‍ക്കരക്കെതിരെ വ്യാപാരികള്‍; തമിഴ്‌നാട്ടിലെ വില്‍പ്പനക്കാര്‍ക്ക് നിര്‍ദേശം നല്‍കി

തുണികള്‍ക്ക് നിറം നല്‍കുന്ന മാരക രാസവസ്തു റോഡമിന്‍ ബി ശര്‍ക്കരയില്‍ കലര്‍ത്തുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.

കോഴിക്കോട്: മായം കലര്‍ന്ന ശര്‍ക്കരയ്‌ക്കെതിരെ വ്യാപാരികള്‍ രംഗത്ത്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് മായം കലര്‍ന്ന ശര്‍ക്കര ഒഴുകുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഭക്ഷ്യസുരക്ഷാ വകുപ്പിനെ സമീപിച്ചിരിക്കുകയാണ് കോഴിക്കോട്ടെ വ്യാപാരികള്‍. കൂടാതെ ഇത്തരം ശര്‍ക്കര കയറ്റി അയക്കരുതെന്ന് തമിഴ്‌നാട്ടിലെ വില്‍പ്പനക്കാര്‍ക്ക് നിര്‍ദേശവും നല്‍കി.

തുണികള്‍ക്ക് നിറം നല്‍കുന്ന മാരക രാസവസ്തു റോഡമിന്‍ ബി ശര്‍ക്കരയില്‍ കലര്‍ത്തുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കോഴിക്കോട്ടെ വ്യാപാരികള്‍ മായം കല്‍ത്തിയ ശര്‍ക്കരക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കാലങ്ങളോളം കേട്കൂടാതിരിക്കാനും നിറം നിലനിര്‍ത്താനുമായി ചേര്‍ക്കുന്ന റോഡമിന്‍ ബി കാന്‍സര്‍ രോഗം വരെ ഉണ്ടാക്കുന്നതാണ്.

ഇത്തരം ശര്‍ക്കര യാതൊരു കാരണവശാലും സ്വീകരിക്കില്ലെന്ന് തമിഴ്‌നാട്ടിലെ പളനി, ഡിണ്ടിഗല്‍, നെയ്ക്കരപ്പട്ടി എന്നിവിടങ്ങളിലെ വില്‍പ്പനക്കാര്‍ക്ക് കര്‍ശന നിര്‍ദേശവും വ്യാപാരികള്‍ നല്‍കി. മായം കലര്‍ന്ന ശര്‍ക്കര കണ്ടെത്താന്‍ ചെക്ക് പോസ്റ്റുകളില്‍ കാര്യക്ഷമമായ പരിശോധന നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Exit mobile version