ട്രോളുകള്‍ക്ക് പിന്നാലെ പോവേണ്ട, പെട്രോള്‍ വില അമ്പത് രൂപയിലും കുറയുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഇന്ധനവില ദിനംപ്രതി കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ കഴിഞ്ഞ ദിവസമാണ് കുറച്ചെങ്കിലും ആശ്വാസമായി വില താഴ്ന്നത്. അതിനിടെ പെട്രോള്‍ വില അമ്പത് രൂപയേക്കാള്‍ കുറയുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

50 രൂപക്ക് പെട്രോള്‍ കിട്ടുമെന്ന ബിജെപി വാഗ്ദാനം ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ട്രോളുകളായി വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ജിഎസ്ടിയിലേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങളെ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സമവായത്തിലേക്ക് എത്തുകയാണെങ്കില്‍ 50 രൂപയേക്കാള്‍ കുറവില്‍ പെട്രോളും ഡീസലും കിട്ടുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ട്രോളുകളുടെ പിന്നാലെ പോവുകയല്ല, മറിച്ച് പെട്രോളിയം ഉള്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. നിലവില്‍ കേന്ദ്രം പെട്രോളിനും ഡീസലിനുമായി നികുതി ഇനത്തില്‍ അഞ്ചും പത്തും രൂപയാണ് കുറച്ചിരിക്കുന്നത്.

കേന്ദ്രം നികുതി കുറച്ചതിനാല്‍ കേരളത്തില്‍ പെട്രോളിന് 5 രൂപക്ക് പുറമേ 1.30 രൂപ കൂടി കുറയും. ഡീസലിന് ആകെ 12.27 രൂപയും. കേന്ദ്രം ഇളവ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമായിരുന്നു നികുതി. എന്നാല്‍ 2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് മുമ്പ് ഡീസലിന് 9. 48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. ഇപ്പോള്‍ ഇളവിനു ശേഷവും പെട്രോളിന്റെ കേന്ദ്ര നികുതി അതിന്റെ മൂന്നിരട്ടിയാണ്. ഡീസലിന്റേത് ആറിരട്ടിയും.

Exit mobile version