മനിതി സംഘത്തെ തടഞ്ഞവര്‍ക്കെതിരെ കേസെടുത്തു; 11 പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ മനിതി സംഘത്തില്‍പ്പെട്ട യുവതികളെ തടഞ്ഞ സംഭവത്തില്‍ പോലീസ് കേസെടുത്തു. രണ്ടു കേസുകളാണ് പമ്പ പോലീസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിഷേധത്തില്‍ പങ്കെടുത്ത 11 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെയാണ് മനിതി സംഘത്തില്‍പ്പെട്ട യുവതികളെ പോലീസ് പമ്പയിലെത്തിച്ചത്. എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് മല കയറാനായില്ല. ഇതിനിടെ യുവതികളെ അനുനയിപ്പിച്ച് മടക്കി അയയ്ക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു.

ആറു മണിക്കൂറിന് ശേഷം പ്രതിഷേധക്കാരില്‍ ചിലരെ അറസ്റ്റ് ചെയ്ത്, യുവതികളുമായി പോലീസ് മലകയറാന്‍ ശ്രമിച്ചെങ്കിലും ശരണപാതയില്‍ പ്രതിഷേധക്കാര്‍ നിരന്നതോടെ പിന്‍മാറേണ്ടി വന്നു. ഇതിനു പിന്നാലെ പോലീസ് സുരക്ഷ ഒരുക്കിയില്ലെന്ന പരാതിയുമായി യുവതികള്‍ ചെന്നൈയിലേക്ക് മടങ്ങി.

അതേസമയം, തമിഴ്‌നാട്ടില്‍ വച്ചാണ് മനിതി സംഘം സഞ്ചരിച്ച വാനിന് നേരെ ആക്രമണമുണ്ടായി. തേനി-മധുര ദേശീയപാതയില്‍ വച്ചുണ്ടായ കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. തമിഴ്‌നാട് പോലീസിന്റെ സുരക്ഷയിലാണ് ഇവര്‍ ചെന്നൈയിലേക്ക് മടങ്ങുന്നത്.

മധുരയില്‍ നിന്ന് ഇടുക്കി കമ്പംമേടി വഴിയാണ് പതിനൊന്നുപേരടങ്ങിയ മനിതി സംഘം ശബരിമലദര്‍ശനത്തിനെത്തിയത്. വഴിനീളെ പ്രതിഷേധം മറികടന്നായിരുന്നു യാത്ര. പമ്പ ഗണപതിക്ഷേത്രത്തിലെത്തി കെട്ടുനിറയ്ക്കാന്‍ രസീതെടുത്തെങ്കിലും ക്ഷേത്രത്തിലെ പരികര്‍മികള്‍ സഹകരിച്ചില്ല. തുടര്‍ന്ന് യുവതികള്‍ സ്വയം കെട്ടുനിറച്ചു.

Exit mobile version