കെഎസ്ആര്‍ടിസി പുറംന്തള്ളിയ കണ്ടക്ടര്‍ സെക്യൂരിറ്റി വേഷമണിഞ്ഞു! ഇനി അനില്‍ കുമാര്‍ ഇവരുടെ കാവല്‍ക്കാരന്‍

കഴിഞ്ഞ 12 വര്‍ഷത്തെ സേവനത്തിന് ശേഷം പെട്ടന്നൊരു ദിവസം കെഎസ്ആര്‍ടിസിയുടെ പടിയിറങ്ങേണ്ടി വന്ന അനില്‍ കുമാര്‍ മൂന്നു ദിവസമായി പ്രവേശന ടിക്കറ്റ് നല്‍കുന്ന സ്ഥലത്ത് കാവല്‍ നില്‍ക്കുകയാണ്.

തിരുവനന്തപുരം; ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പിരിച്ചുവിട്ട കണ്ടക്ടര്‍ ഇനി സെക്യൂരിറ്റി ജീവനക്കാരന്‍. ടിഎസ് അനില്‍കുമാര്‍ സെക്യൂരിറ്റിക്കാരന്റെ വേഷമണിഞ്ഞത്. കഴിഞ്ഞ 12 വര്‍ഷത്തെ സേവനത്തിന് ശേഷം പെട്ടന്നൊരു ദിവസം കെഎസ്ആര്‍ടിസിയുടെ പടിയിറങ്ങേണ്ടി വന്ന അനില്‍ കുമാര്‍ മൂന്നു ദിവസമായി പ്രവേശന ടിക്കറ്റ് നല്‍കുന്ന സ്ഥലത്ത് കാവല്‍ നില്‍ക്കുകയാണ്.

ചേര്‍ത്തല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അലെര്‍ട്ട് 10 കമാര്‍ഡോ സര്‍വീസ് ആന്‍ഡ് ഫയര്‍ സെക്യൂരിറ്റി എന്ന സ്ഥാപനമാണ് അനില്‍ കുമാറിന് ജോലി നല്‍കിയിട്ടുള്ളത്. എസ്ഡിവി മൈതാനത്ത് ആരംഭിച്ച അഗ്രെക്സ് 2018 കാര്‍ഷിക വ്യവസായിക മേളയുടെ സുരക്ഷാ ചുമതലയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ജോലി.

12 വര്‍ഷത്തോളം വിവിധ ബസ്സുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് മുറിച്ചു നല്‍കിയ അനില്‍കുമാര്‍ ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തുന്നവര്‍ക്ക് ടിക്കറ്റ് മുറിച്ച് നല്‍കുന്നു. ദിവസ വേതനം തന്നെയാണ് പുതിയ ജോലിക്കും കിട്ടുന്നത്. കെഎസ്ആര്‍ടിസിയില്‍ 480 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 450 രൂപയാണ്.

കെഎസ്ആര്‍ടിസിയില്‍ പോകുന്നതിനു മുന്‍പുള്ള പരിചയംവെച്ച് സ്വകാര്യ ബസുകാര്‍ സമീപിച്ചെങ്കിലും വീണ്ടും ബുദ്ധിമുട്ടിലാകുമൊയെന്ന പേടി കാരണമാണ് സുരക്ഷാജോലി തന്നെ തിരഞ്ഞെടുത്തതെന്ന് അനില്‍ കുമാര്‍ പറഞ്ഞു.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 2006ലാണ് അനില്‍ ചേര്‍ത്തല ഡിപ്പോയില്‍ കണ്ടക്ടര്‍ ജോലിക്കായി പ്രവേശിച്ചത്. അമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് അനില്‍.

Exit mobile version