കൂട്ടിക്കലിന് കൈത്താങ്ങായി മെഗാസ്റ്റാര്‍ മമ്മൂട്ടി; മെഡിക്കല്‍ സേവനങ്ങളും അടിസ്ഥാനസഹായങ്ങളും എത്തിച്ചു, 2000ത്തിലധികം തുണികിറ്റുകളും

കോട്ടയം: പ്രകൃതി ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ കൂട്ടിക്കലിന് സഹായഹസ്തവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയാണ് താരം കൂട്ടിക്കലില്‍ സഹായം എത്തിക്കുന്നത്. മമ്മൂട്ടി തന്നെ നേരിട്ട് ഏര്‍പ്പാട് ചെയ്ത വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ സംഘം കൂട്ടിക്കലില്‍ എത്തി സേവനം തുടങ്ങി.

ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ടും പ്രശസ്ത ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ സണ്ണി പി ഓരത്തിലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തി സേവനം നടത്തുന്നത്. വിദഗ്ധ ഡോക്ടര്‍മാരും നിരവധി ആധുനിക മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമായാണ് സംഘം എത്തിയിരിക്കുന്നത്.

ഇതോടൊപ്പം പത്തു കുടുംബങ്ങള്‍ക്ക് ഒന്ന് വീതം ജലസംഭരണി വച്ച് നൂറു ജലസംഭരണികള്‍ മമ്മൂട്ടി കൂട്ടിക്കലില്‍ എത്തിച്ചു. കൂടാതെ, പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ലഭിക്കത്തക്ക വിധം പുതിയ വസ്ത്രങ്ങള്‍, പുതിയ പാത്രങ്ങള്‍, കിടക്കകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടായിരത്തില്‍ അധികം തുണികിറ്റുകളും വിതരണത്തിന് എത്തിച്ചു.

ദുരന്തം നടന്നതിന് പിറ്റേന്ന് രാവിലെ തന്നെ കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴയെയും സംഘത്തിനെയും മമ്മൂട്ടി ദുരന്തസ്ഥലത്തേക്ക് അയച്ചിരുന്നു. അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് സഹായങ്ങള്‍ എത്തിക്കുന്നത്. ഇപ്പോള്‍ ചെയ്യുന്ന സേവനങ്ങള്‍ അടിയന്തിരസേവനം ആണെന്നും കൂടുതല്‍ സഹായങ്ങള്‍ വരും ദിവസങ്ങളില്‍ ദുരന്തബാധിതരില്‍ എത്തിക്കുമെന്നും കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.

Exit mobile version