നന്നാക്കാന്‍ എത്തിച്ച റേഡിയോയ്ക്കുള്ളില്‍ നോട്ട് കെട്ട്; ഉടമയ്ക്ക് തന്നെ കൈമാറി ടെക്‌നീഷ്യന്റെ സത്യസന്ധത

ചങ്ങരംകുളം: അറ്റകുറ്റപ്പണിക്കായി എത്തിച്ച റേഡിയോയ്ക്കുള്ളില്‍ നോട്ട്‌ക്കെട്ട്. ചങ്ങരംകുളം ടൗണില്‍ ബസ്റ്റാന്റ് റോഡിലെ മാര്‍ക്കോണി എന്ന ഇലക്ട്രോണിക്ക് കടയില്‍ നന്നാക്കാന്‍ നല്‍കിയ പഴയ റേഡിയോയ്ക്കുള്ളിലാണ് 500 രൂപയുടെ ഒരു കെട്ട് നോട്ട് കണ്ടത്. എണ്ണി നോക്കിയപ്പോള്‍ 15000 രൂപ.

അപ്രതീക്ഷിതമായി പണം കണ്ടതോടെ ടെക്‌നീഷ്യനായ ഷറഫുദ്ധീന്‍ റേഡിയോ നന്നാക്കാന്‍ എത്തിച്ച കല്ലുര്‍മ്മ സ്വദേശികളെ മൊബൈലില്‍ വിളിച്ച് കാര്യം പറഞ്ഞു. പക്ഷേ, അങ്ങിനെയൊരു നോട്ടുകെട്ട് ഉള്ളകാര്യം ഉടമയ്‌ക്കോ വീട്ടുകാര്‍ക്കും അറിയുമായിരുന്നില്ല.

ഒരു വര്‍ഷം മുമ്പ് മരണപ്പെട്ട പിതാവ് ഉപയോഗിച്ചിരുന്ന റേഡിയോയാണ്. ഉപയോഗശൂന്യമായി വീട്ടില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മക്കള്‍ നന്നാക്കാന്‍ കഴിയുമോ എന്നറിയാനാണ് കടയില്‍ എത്തിച്ചത്. പെന്‍ഷന്‍ പണം ലഭിച്ചത് റേഡിയോയുടെ ബാറ്ററി ബോക്‌സിനുള്ളില്‍ സൂക്ഷിച്ചതായിരിക്കുമെന്നും വീട്ടുകാര്‍ പറഞ്ഞു. എന്തായാലും ടെക്നീഷ്യന്റെ നല്ല മനസ് കൊണ്ട് റേഡിയോക്കുള്ളിലെ സമ്പാദ്യം തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് കുടുംബം.

Exit mobile version