പെരുമഴ; അതിരപ്പിള്ളി റൂട്ടില്‍ പലയിടത്തും വെള്ളം കയറി, യാത്രകള്‍ ഒഴിവാക്കുക! ചാലക്കുടി പുഴയുടെ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു, കണ്‍ട്രോള്‍ റൂം തുറന്നു

Heavy rain | Bignewslive

തൃശ്ശൂര്‍: മഴ ശക്തമായ സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ഐജെ മധുസൂദനന്‍, തഹസില്‍ദാര്‍ ഇ എന്‍ രാജു എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിലെത്തി തമ്പടിച്ചിട്ടുണ്ട്. താലൂക്ക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തി വരികയാണ്. കനത്ത മഴയില്‍, അതിരപ്പിള്ളിയിലേയ്ക്കുള്ള റൂട്ടില്‍ കാഞ്ഞിരപ്പിള്ളിയില്‍ വെള്ളം കയറി.

പലയിടത്തും വെള്ളം കയറിയ സാഹചര്യത്തില്‍, അതിരപ്പിള്ളി യാത്രികര്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മഴയില്‍, തുമ്പൂര്‍മുഴി ഗാര്‍ഡനും മുങ്ങി. പ്രളയ സാധ്യത കണ്ട് ചാലക്കുടിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ ബന്ധപ്പെടേണ്ട നമ്പര്‍ 0480 2705800, 8848357472

Exit mobile version