ഇത് ഗദയല്ല, നല്ല നാടന്‍ കപ്പയാണ്; പയസ് ജോസഫിന്റെ വീട്ടുവളപ്പില്‍ നിന്നും ലഭിച്ചത് പതിനാലര കിലോയുള്ള ഒറ്റകിഴങ്ങ്

കൊച്ചി. കണ്ടാല്‍ ഗദ, എന്നാല്‍ ഗദയല്ല,… നല്ല നാടന്‍ കപ്പയാണ്. 8 മാസം മുമ്പ് 20 ചുവട് കപ്പ നട്ടതാണ് സൗത്ത് കളമശേരി മഞ്ഞുമ്മല്‍ ചൊല്ലാംപാട്ട് പയസ് ജോസഫ്. അതില്‍ 18 ചുവടും പറിച്ചെടുത്തെങ്കിലും 2 എണ്ണം എത്രത്തോളം വളരുമെന്നറിയാന്‍ ബാക്കിവച്ചു. അതിലൊന്നാണ് ഇപ്പോള്‍ ഗദയായി കിട്ടിയിരിക്കുന്നത്.

കപ്പയുടെ ഭാഗങ്ങള്‍ പുറത്തേയ്ക്ക് വന്നു തുടങ്ങിയതോടെയാണ് കപ്പ പറിക്കാന്‍ തീരുമാനിച്ചത്. കപ്പ മൂട് പറിച്ചെടുത്തപ്പോഴാണ് ഒന്നില്‍ നിന്നും പതിനാലര കിലോയുള്ള ഒറ്റ കിഴങ്ങും മറ്റേതില്‍ 3 കിഴങ്ങുകളായി 12.5 കിലോയും ലഭിച്ചത്.

ഇതോടെ ഈ കപ്പ കാണാന്‍ കാഴ്ചക്കാരും വീട്ടിലെത്തിത്തുടങ്ങി. ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യത്തെത്തുടര്‍ന്നു പയസ് ഇപ്പോള്‍ കപ്പ മാത്രമാണ് നടുന്നത്. മറ്റു കൃഷികളെല്ലാം ഒച്ച് നശിപ്പിക്കുന്നതു മൂലം ഉപേക്ഷിച്ചിരിക്കുകയാണ്. ഇപ്പോള്‍ ലഭിച്ച കപ്പ ഭക്ഷണത്തിനുപയോഗിക്കാതെ സംരക്ഷിച്ചു വയ്ക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.

Exit mobile version