ഐഎഎസ് ഉപേക്ഷിച്ച് കമലിനൊപ്പം രാഷ്ട്രീയത്തിലിറങ്ങി; ഇപ്പോള്‍ രാഷ്ട്രീയവും മതിയാക്കി, ഡോ. സന്തോഷ് ബാബു വീണ്ടും ഔദ്യോഗിക പദവിയില്‍

കോഴിക്കോട്: ഐഎഎസ് ഉപേക്ഷിച്ച് കമല്‍ഹാസനൊപ്പം രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയ മലയാളി ഡോ. സന്തോഷ് ബാബു വീണ്ടും ഔദ്യോഗിക പദവിയില്‍. രാഷ്ട്രീയം അവസാനിപ്പിച്ചാണ് മടക്കം. നാളിത്രയും തമിഴ്‌നാട്ടിലാണ് സേവനമെങ്കില്‍ ഇത്തവണ സ്വന്തം നാടായ കേരളത്തിലാണ് സേവനം അനുഷ്ഠിക്കുന്നത്.

കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (കെഎസ്‌ഐടിഐഎല്‍) മാനേജിങ് ഡയറക്ടറായി ഡോ. സന്തോഷ് ബാബു ചുമതലയേറ്റു. 1995 തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഓഫീസറായ സന്തോഷ്ബാബു 1997 ല്‍ ചിദംബരം അസി. കളക്ടറായാണ് തന്റെ ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്.

തമിഴ്‌നാടിന്റെ ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ, 2020 ഓഗസ്റ്റില്‍ ജോലി രാജിവെച്ച് സജീവ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുകയായിരുന്നു. 2020 ഡിസംബറില്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തില്‍ ചേര്‍ന്ന അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. പാര്‍ട്ടി പ്രകടനപത്രിക തയ്യാറാക്കുന്നതില്‍ ഉള്‍പ്പെടെ സുപ്രധാന നടപടികള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച അദ്ദേഹം തെരഞ്ഞെടുപ്പിനു ശേഷം 2021 മേയില്‍ പാര്‍ട്ടി വിട്ടു.

പിന്നീട് ചെന്നൈയില്‍ സ്വന്തമായി ഐഎഎസ് അക്കാദമിയും നടത്തിവരുന്നതിനിടയിലാണ് കഴിഞ്ഞ മാസം കേരളത്തിന്റെ ക്ഷണവും സ്വീകരിച്ച് പുതിയ ചുമതലകളിലേയ്ക്ക് തിരിച്ചെത്തിയത്. ഒക്ടോബര്‍ 6 നാണ് മന്ത്രിസഭായോഗം ഇദ്ദേഹത്തെ നിയമിക്കാന്‍ ഔദ്യോഗിക തീരുമാനമെടുത്തത്.

Exit mobile version