മാനാഞ്ചിറയില്‍ ഗ്രൗണ്ട് അനുവദിക്കണം; കോഴിക്കോട്ടെ ഹോക്കിയുടെ പ്രതാപം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: കോഴിക്കോട് മാസ്‌റ്റേഴ്‌സ് ഹോക്കി

കോഴിക്കോട്: കോഴിക്കോട്ടെ ഹോക്കിയുടെ പ്രതാപം വീണ്ടെടുക്കാന്‍
സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മാസ്റ്റേഴ്‌സ് ഹോക്കി ജില്ലാ കമ്മറ്റി. മാനാഞ്ചിറയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിച്ചു തരാന്‍ കായിക വകുപ്പ് പ്രത്യേകമായി ശ്രദ്ധിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.

മാനാഞ്ചിറ ഗ്രൗണ്ട് പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി തന്നെ ഹോക്കി മല്‍സരങ്ങളില്‍ നിരവധി താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്. സ്‌കൂള്‍, കോളജ്, ജില്ലാ സംസ്ഥാന തല മല്‍സരങ്ങള്‍ക്ക് വേദിയായത് മാനാഞ്ചിറ സ്‌പോര്‍ട്‌സ് ഗ്രൗണ്ടിലായിരുന്നു. കോഴിക്കോട്ടെ ഹോക്കിയുടെ വീണ്ടെടുപ്പിന് മാനാഞ്ചിറ ഉള്‍പ്പെടെ പ്രധാനപ്പെട്ട ഗ്രൗണ്ട് സൗകര്യങ്ങള്‍ അനുവദിച്ചു തരാന്‍ കായിക വകുപ്പ് പ്രത്യേക ശ്രദ്ധചെലുത്തണം.

കോഴിക്കോട് ജില്ലയില്‍ ഹോക്കിയില്‍ വളര്‍ന്നു വരാനും ദേശീയ അന്തര്‍ദേശീയ മല്‍സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിവുള്ള താരങ്ങളുണ്ടായിട്ടും രാജ്യത്തിന്റെ പ്രതീക്ഷക്കൊത്തുയരാന്‍ ഇവര്‍ക്ക് കഴിയാത്തത് പരിശീലനത്തിന് ആധുനിക സൗകര്യങ്ങളോടെയുള്ള ഗ്രൗണ്ട് ഇല്ലാത്തതാണ്.

ഹോക്കി പരിശീലനത്തിന് കോഴിക്കോട് കേന്ദ്രമായി ഗ്രൗണ്ട് അനുവദിക്കാന്‍ കായിക വകുപ്പ് മന്ത്രി പ്രത്യേക ഇടപെടല്‍ നടത്തണം. ആവശ്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിന് കോഴിക്കോട്ടെ ഹോക്കി പ്രേമികളെയും സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരെയും അണിനിരത്തി പ്രതിഷേധ സമരങ്ങള്‍ക്ക് സംഘടന നേതൃത്വം നല്‍കും. കോഴിക്കോട്ടെ സ്‌പോര്‍ട്ട്‌സ് ഹോസ്റ്റലിന്റെയും അംഗീകൃത സ്‌പോര്‍ട്‌സ് കോച്ചുകളുടെ ദൗര്‍ലഭ്യവും കാരണം ഇവിടെയുള്ള കായിക താരങ്ങള്‍ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

ജില്ലയിലെ ഹോക്കിയുടെ തിരിച്ചു വരവിനും ഹോക്കി മൈതാനത്തിന്റെ ആവശ്യമുന്നയിച്ചും വകുപ്പ് മന്ത്രിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചു. വടകര, കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി താലൂക്കുകളിലും ജില്ലയിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും ഹോക്കി കോച്ചിങ്ങ് ക്യാംപുകള്‍ സംഘടിപ്പിക്കാനും ഹോക്കി കിറ്റുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാനും തീരുമാനിച്ചു.

കോവിഡ് വ്യാപനത്തിനു ശേഷം ഫൈവ് എ സൈഡ് ഇന്‍വിറ്റേഷന്‍ ഹോക്കി ടൂര്‍ണ്ണമെന്റ നടത്തുന്നതിനും തീരുമാനിച്ചു. ചെയര്‍മാന്‍ അഡ്വ.എം.കെ.എം സലീം, വൈസ് ചെയര്‍പെഴ്‌സണ്‍ സി. ഷെറിന്‍, കണ്‍വീനര്‍ ഡോ. ശ്രീജിത് കാഞ്ഞോളി, ജോയന്റ് കണ്‍വീനര്‍ സോണി തോമസ് എന്നിവരെ ജില്ലാ കമ്മറ്റി ഭാരവാഹികളായി കേരള ഹോക്കി അംഗീകാരം നല്‍കി. പതിനഞ്ച് അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെയും കോഴിക്കോട് മാസ്റ്റേഴ്‌സ് ഹോക്കി ജില്ലാ കമറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.

കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ കേരള മാസ്റ്റേഴ്‌സ് ഹോക്കി ചെയര്‍മാന്‍ എം.കെ. കരീം ജില്ലാ മാസ്റ്റഴ്‌സ് ഹോക്കിയുടെ ലോഗോ പ്രകാശനം ചെയ്തു. ചടങ്ങില്‍ സി.ഷെറിന്‍, സോണി തോമസ്, ഡോ. ശ്രീജിത് കാഞ്ഞോളി, ഷജല്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Exit mobile version