‘ഇത് അമ്മയുടെ സ്വപ്‌നം’: നാലാം പരിശ്രമത്തില്‍ ആറാം റാങ്കുമായി അഭിമാനമായി കെ മീര

തൃശൂര്‍: സിവില്‍ സര്‍വീസിലെ ആറാം റാങ്കിന്റെ തിളക്കവുമായി കേരളത്തിന്റെ അഭിമാനമാവുകയാണ് തൃശ്ശൂര്‍ സ്വദേശിനി കെ മീര. നാലാം പരിശ്രമത്തിലാണ് മീര അമ്മയുടെ സ്വപ്‌നം സഫലമാക്കി ആറാം റാങ്കിലേക്ക് ചുവടുറപ്പിച്ചത്.

അമ്മയുടെ സ്വപ്നമായിരുന്നു ഇത്. നാട് ഒരുപാട് കഷ്ടപ്പാടിലൂടെയാണ് നീങ്ങുന്നത്. അതില്‍ എന്തെങ്കിലും സംഭാവന ചെയ്യാനാകുമെന്ന് ഈ നേട്ടത്തിലൂടെ പ്രതീക്ഷിക്കുന്നു. കഠിനാധ്വാനം ഉണ്ടെങ്കില്‍ ആര്‍ക്കും നേടാനാകും. നമ്മളെ ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ നന്നായി ചെയ്യണമെന്നാണ് ആഗ്രഹമെന്നും മീര പറയുന്നു.

സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതൊട്ടേ അധ്യാപികയായ അമ്മയും ബിസിനസുകാരനായ അച്ഛനും മകളോട് സിവില്‍ സര്‍വീസ് സ്വപ്നങ്ങളെക്കുറിച്ച് പറഞ്ഞുപഠിപ്പിക്കാന്‍ നോക്കിയിരുന്നു. പക്ഷേ മീരയ്ക്ക് അങ്ങനെയൊരു മോഹം ഉണ്ടായിരുന്നില്ല.

സാധാരണ കുട്ടികളെപ്പോലെ ബിരുദമോ ബിരുദാനന്തര ബിരുദമോ ഒക്കെ നേടണം. ഒരു ജോലി സ്വന്തമാക്കണം. ഇതിനപ്പുറം സിവില്‍ സര്‍വീസ് പോലെയുള്ള വലിയ സ്വപ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി ബാംഗ്ലൂരില്‍ ജോലി നേടി.

ഇതിനിടയിലാണ് അമ്മയും അച്ഛനും ചെറുപ്പത്തില്‍ പറഞ്ഞു പഠിപ്പിച്ച സിവില്‍ സര്‍വീസ് സ്വപ്നം വിളിക്കാന്‍ തുടങ്ങി. അങ്ങനെ ഒരു കൈ നോക്കിയേക്കാമെന്ന് ഉറപ്പിച്ചു. തിരുവനന്തപുരത്തായിരുന്നു പരിശീലനം. അവിടെ കൂടെയുണ്ടായിരുന്നവരുടെയും മുതിര്‍ന്ന ഉദ്യോഗാര്‍ത്ഥികളുടെയുമെല്ലാം പിന്തുണയുണ്ടായിരുന്നു. കൃത്യമായ പഠിത്തമൊന്നുമൊന്നുമുണ്ടായിരുന്നില്ല.

പഠനം സാധാരണ സമയങ്ങളിലും ഇടവേളകളിലുമൊക്കെ തുടര്‍ന്നു. പരീക്ഷ അടുത്ത സമയങ്ങളില്‍ മാത്രം 12 മണിക്കൂറൊക്കെ പഠനത്തിനായി ഇരിക്കും. അല്ലാതെ സമയം മുഴുവന്‍ പഠനത്തിനായി മാറ്റിവച്ചിരുന്നില്ല.

ഒടുവില്‍, നാലാമത്തെ ശ്രമത്തില്‍ ഒട്ടും പ്രതീക്ഷിക്കാനാകാത്ത നേട്ടമാണ് മീര സ്വന്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ലക്ഷക്കണക്കിനുപേര്‍ എഴുതിയ പരീക്ഷയില്‍ ആറാം സ്ഥാനവുമായി മലയാളികള്‍ക്കു മൊത്തം അഭിമാനമായിരിക്കുകയാണ് തൃശൂര്‍ കോലഴി സ്വദേശിനിയായ കെ മീര.

അതേസമയം, മലയാളികളായ മിഥുന്‍ പ്രേംരാജ് 12 (വടകര), കരിഷ്മ നായര്‍14, പി.ശ്രീജ20, വി.എസ് നാരായണ ശര്‍മ33, അപര്‍ണ രമേശ് 35, അശ്വതി ജിജി41, നിഷ 51, വീണ സുതന്‍57എം.ബി അപര്‍ണ62, ആര്യ നായര്‍113, എസ് മാലിനി 135, പി. ദേവി 143, പി.എം മിന്നു150 എന്നിവരും സിവില്‍ സര്‍വീസിലെ മിന്നും മലയാളി താരങ്ങളാണ് .

Exit mobile version