‘വീട്ടില്‍ കാണിക്കാന്‍ പൃഥ്വി എടുത്തുതന്ന ഫോട്ടോ’: സൈമ അവാര്‍ഡിന്റെ സന്തോഷം പങ്കുവച്ച് ജോണി ആന്റണി

കൊച്ചി: 2020ലെ സൈമ അവാര്‍ഡ് നേടിയ സന്തോഷം പങ്കുവച്ച് സംവിധായകനും നടനുമായ ജോണി ആന്റണി. മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‌ക്കാരം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ജോണി ആന്റണി സ്വന്തമാക്കിയത്.

സൈമ വേദിയില്‍ അവാര്‍ഡ് വാങ്ങുന്ന ചിത്രത്തിനൊപ്പമായിരുന്നു അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്.

‘പൃഥ്വിരാജിന് നന്ദി, വീട്ടില്‍ കാണിക്കാന്‍ ഒരു ഫോട്ടോ എടുക്കണം എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം എടുത്തു തന്ന ഫോട്ടോയാണിത്.’സൈമ അവാര്‍ഡ് 2020ലെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രം പങ്കുവച്ച് ജോണി ആന്റണി കുറിച്ചു.

അല്ലു അര്‍ജുന്‍, മലയാളത്തിന്റെ പ്രിയ താരങ്ങളായ ജയറാമേട്ടന്‍, മികച്ച നടനുള്ള അവാര്‍ഡ് വാങ്ങാന്‍ എത്തിയ പൃഥ്വിരാജ്, ജോജു ജോര്‍ജ്, മികച്ച നടിക്കുള്ള അവാര്‍ഡ് വാങ്ങാന്‍ എത്തിയ ശോഭന, സംവിധായകരും സുഹൃത്തുക്കളുമായ സമുദ്രക്കനി, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍ തുടങ്ങി എല്ലാവരും ഉണ്ടായിരുന്നെന്നും പൂര്‍ണിമ ജയറാം തെലുങ്ക് താരം സായി കുമാര്‍ എന്നിവരില്‍ നിന്ന് പുരസ്‌ക്കാരം വാങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ അനൂപ് സത്യന്‍ സ്വന്തമാക്കി എന്നുള്ളതാണ് മറ്റൊരു സന്തോഷമെന്നും അതുപോലെ ശോഭന മാം ആയിരുന്നു മികച്ച നടിയെന്നും അദ്ദേഹം പറഞ്ഞു.

ഡ്രാമയിലൂടെ തനിക്ക് നല്ലൊരു ബ്രേക്ക് തന്ന രഞ്ജിയേട്ടന് മികച്ച ചിത്രമായ അയ്യപ്പനും കോശിക്കുമുള്ള നിര്‍മാതാവിനുള്ള പുരസ്‌കാരം ഉണ്ടായിരുന്നു. അതും ഇരട്ടി മധുരമായെന്നും ജോണി ആന്റണി പറഞ്ഞു.

അടുത്തിടെ റിലീസ് ആയ ഹോം എന്ന ചിത്രത്തിലടക്കം മിന്നുന്ന പ്രകടനമാണ് ജോണി ആന്റണി കാഴ്ച വെച്ചിരിക്കുന്നത്.

Exit mobile version