പാലാ ബിഷപ്പ് വിവാദം; ‘എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ല’, സര്‍ക്കാരിന് സുരേഷ് ഗോപിയുടെ പിന്തുണ

suresh gopi mp | Bignewslive

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പിന്നാലെയാണ് സര്‍ക്കാരിന് പിന്തുണ അറിയിച്ച് താരം രംഗത്തെത്തിയത്.

എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് നല്ല ബുദ്ധിയുണ്ട്, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കാര്യങ്ങള്‍ നന്നായി മനസ്സിലാവുന്നുണ്ടെന്നും സുരേഷ് ഗോപി എംപി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കും. എല്ലായ്പ്പോഴും സര്‍ക്കാരിനെ കുറ്റം പറയേണ്ടതില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

പാലാ ബിഷപ്പ് വിവാദത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ട കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ പ്രതികരണത്തിലാണ് സുരേഷ് ഗോപി തന്റെ പിന്തുണ അറിയിച്ചത്.

Exit mobile version