ശബരിമലയിലേക്ക് പോകാനായി സ്ത്രീകളെത്തുന്നു ! മാനിതി സംഘടനയു ടെ നേതൃത്വത്തില്‍ ഇന്ന് 45 പേര്‍ യാത്രതിരിക്കും

മനിതി എന്നാല്‍ തമിഴില്‍ പെണ്‍ എന്നാണ് അര്‍ഥം

ചെന്നൈ: ശബരിമല സന്ദര്‍ശിക്കാനായി സ്ത്രീകളെത്തുന്നു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി എന്ന സംഘടനയുടെ നേതൃത്വത്തില്‍ 45 പേര്‍ ഇന്ന് വൈകിട്ടോടെ ശബരിമലയിലേക്ക് തിരിക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നുളളവരായത് കൊണ്ട് പല സംഘങ്ങളായി ഇവര്‍ കോട്ടയത്ത് എത്തും. അതിന്‌ശേഷം അവിടെ നിന്ന് ഒരുമിച്ച് പമ്പയിലേക്ക് പോകാനാണ് ഇവരുടെ പദ്ധതി.

പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും പൊലീസ് സുരക്ഷയില്‍ ശബരിമലയില്‍ എത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മനിതി സംഘടനാ പ്രവര്‍ത്തക സെല്‍വി ഒരു പ്രമുഖ ചാനലോട് പറഞ്ഞു. സംഘത്തില്‍ ചെന്നൈയില്‍ നിന്ന് ഒമ്പത് പേരും, മധുരയില്‍ നിന്ന് രണ്ട് യുവതികളും ഉള്‍പ്പെട്ട സംഘം ഇന്ന് വൈകിട്ട് കോട്ടയത്തേക്കുളള യാത്ര ആരംഭിക്കും. അതേസമയം ഒഡീഷയില്‍ നിന്ന് അഞ്ച് യുവതികളും ഛത്തീസ്ഗഡില്‍ നിന്ന് ഒരു യുവതിയും ഇന്നലെ രാത്രി യാത്ര ആരംഭിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ നിന്നുള്ള സംഘം കോട്ടയത്തേക്ക് എത്തും. കേരളത്തില്‍ നിന്നുളള സ്ത്രീകള്‍ നാളെ രാവിലെ എട്ട് മണിയോടെ കോട്ടയത്ത് എത്തിചേരുമെന്നും മനിതി സംഘടനാ കോര്‍ഡിനേറ്റര്‍ പറയുന്നു.

ആക്ടിവിസ്റ്റുകളായിട്ടല്ല മറിച്ച് അയപ്പഭക്തരായിട്ടാണ് സന്നിധാനത്തേക്ക് സംഘം പോകുന്നതെന്നും മനിതി സംഘടനാ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.മനിതി എന്നാല്‍ തമിഴില്‍ പെണ്‍ എന്നാണ് അര്‍ഥം.

Exit mobile version