‘കോഴിക്കോട് അങ്ങാടിയില്‍ തെണ്ടി തിരിഞ്ഞ് നടക്കുന്നവരല്ല ഞങ്ങള്‍’: നവാസിന്റേത് ലൈംഗിക അധിക്ഷേപം തന്നെ: വെളിപ്പെടുത്തലുകളുമായി ഹരിത മുന്‍ നേതാക്കള്‍

കോഴിക്കോട്: പികെ നവാസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഹരിത മുന്‍ ഭാരവാഹികള്‍. നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയെന്ന് മുന്‍ ഭാരവാഹികള്‍ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞ രീതിയില്‍ ഞങ്ങള്‍ കോഴിക്കോട് അങ്ങാടിയില്‍ തെണ്ടി തിരിഞ്ഞ് നടക്കുന്നവരല്ലെന്ന് ഹരിത മുന്‍ നേതാക്കള്‍ കോഴിക്കോട് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഞങ്ങളുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്നു എന്ന തോന്നലുണ്ടായപ്പോഴാണ് അഞ്ചു പേജുള്ള പരാതി നല്‍കിയത്. പക്ഷെ അത് കേള്‍ക്കാന്‍ പോലും തയ്യാറാവാതിരുന്നതില്‍ വലിയ വിഷമമുണ്ടെന്ന് ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ പറഞ്ഞു.

അന്‍പത് ദിവസം നേതൃത്വത്തിന്റെ തീരുമാനത്തിന് കാത്തിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്നും മുഫീദ് തസ്നി അടക്കമുള്ള നേതാക്കള്‍ വിശദീകരിച്ചു.

പരാതി നല്‍കിയതിന് പിന്നാലെ നിരന്തരം സൈബര്‍ ആക്രമണം നേരിട്ടു. ഇപ്പോഴും അത് തുടരുകയാണ്. ഹരിതയ്ക്കെതിരെ സംഘടിത വിദ്വേഷ പ്രചാരണം നടത്തി. പരാതി നല്‍കാന്‍ വൈകിയെന്ന് പറയുന്നത് തെറ്റാണ്. തെറ്റിദ്ധാരണ പരത്തുന്നത് നേതാക്കള്‍ അവസാനിപ്പിക്കണെമന്നും നേതാക്കള്‍ പറഞ്ഞു.

ഒരു പെണ്‍കുട്ടി എന്ന നിലയില്‍ സഹിക്കാനാവാത്ത അവസ്ഥയിലൂടെയാണ് കടന്ന് വന്നത്. പല തലത്തിലും നേതാക്കളുമായി അനൗദ്യോഗികമായും ഔദ്യോഗികമായും ചര്‍ച്ച നടത്തിയതാണ്. സ്വഭാവദൂഷ്യമുണ്ടെന്ന് പ്രചരിപ്പിച്ചു. പക്ഷെ നീതി ലഭിച്ചില്ലെന്നും നജ്മ പറഞ്ഞു. ഹരിതയുടെ പെണ്‍കുട്ടികളെ നിയന്ത്രിക്കുന്നത് ഒരു സൈബര്‍ ഗുണ്ടയാണെന്നും അയാളുടെ കൈയില്‍ ഞങ്ങളുടെ ഫോട്ടോയും വീഡിയോയും ഉണ്ടെന്നും അത് പുറത്ത് വിട്ടാല്‍ പല ഹരിതക്കാരും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നൊക്കെയാണ് പറഞ്ഞത്.

ഇതിലാണ് നടപടി വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത്. പക്ഷെ നീതി നിഷേധമാണുണ്ടായത്. ഞങ്ങള്‍ ചാടി കളിക്കുന്ന കുരങ്ങന്‍മാരല്ല ആരുടേയെങ്കിലും വാക്ക് കേട്ട് തുള്ളാന്‍. ഒരു സിസ്റ്റത്തിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപറ്റുന്ന ലീഗ് ജനല്‍ സെക്രട്ടറി ഞങ്ങളെ കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നു. അത് വലിയ വിഷമം ഉണ്ടാക്കുന്നുണ്ടെന്നും നജ്മ ചൂണ്ടിക്കാട്ടി.

പാര്‍ട്ടി മാറുന്നുവെന്നൊക്കെ പറയുന്നത് ശരിയല്ല. ലീഗില്‍ ഉറച്ച് നിന്നു കൊണ്ട് തന്നെ പോരാടും. ആവശ്യമെങ്കില്‍ പെണ്‍കുട്ടികളുടെ പുതിയ പ്ലാറ്റ്ഫോമിനെ പറ്റി ചിന്തിക്കും. അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന പിഎംഎ സലാം മറുപടി പറയേണ്ടി വരുമെന്നും നജ്മ പറഞ്ഞു. നവാസിനെ സംരക്ഷിക്കാന്‍ ഞങ്ങളെ ബലിയാടാക്കി. വ്യക്തികള്‍ക്കെതിരേ പറഞ്ഞ പരാതി അങ്ങനെ തീര്‍ക്കാമായിരുന്നു. പക്ഷെ അത് പാര്‍ട്ടി എന്ന രീതിയില്‍ കാണാനാണ് പലരും ശ്രമിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി.

Exit mobile version