വനിതാ മതില്‍; മത ന്യൂനപക്ഷങ്ങളെയും, മത മേലധ്യക്ഷന്മാരെയും ഉള്‍പ്പെടുത്താന്‍ സിപിഎം തീരുമാനം

തിരുവനന്തപുരം: സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ മത ന്യൂനപക്ഷങ്ങളെയും ഉള്‍പ്പെടുത്താന്‍ സിപിഎം തീരുമാനം. ന്യൂനപക്ഷങ്ങളെയും മത മേലധ്യക്ഷന്മാരെയും വനിതാ മതിലില്‍ അണിനിരക്കാന്‍ ക്ഷണിക്കും. എല്ലാ മതവിഭാഗങ്ങളെയും മതിലിന്റെ ഭാഗമാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്.

നേരത്തെ, ഒരു വിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തി മതില്‍ സംഘടിപ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് കെസിബിസി രംഗത്ത് വന്നിരുന്നു. സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാന മൂല്യം ഉയര്‍ത്തേണ്ടതെന്ന് വ്യക്തമാക്കി കെസിബിസി വനിതാ മതിലുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്നത് ശരിയല്ല എന്നും പറഞ്ഞിരുന്നു.

രാഷ്ട്രീയലക്ഷ്യം വച്ചുളള വിഭാഗീയ നീക്കം ഒഴിവാക്കണം. നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കെസിബിസി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ചില മുസ്ലീം സംഘടനകളും മതിലിനെതിരെ രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് ന്യൂനപക്ഷങ്ങളെയും മത മേലധ്യക്ഷന്മാരെയും മതിലിന്റെ ഭാഗമാക്കാന്‍ സിപിഎം തിരുമാനിച്ചത്.

Exit mobile version