ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ മോഹന്‍ലാലിന്റെ കാര്‍: സുരക്ഷാജീവനക്കാര്‍ക്ക് നോട്ടീസ്; ദേവസ്വം ജീവനക്കാരന്‍ പറഞ്ഞിട്ടെന്ന് വിശദീകരണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ നടന്‍ മോഹന്‍ലാലിന്റെ കാര്‍ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാന്‍ ഗേറ്റ് തുറന്നുകൊടുത്ത സുരക്ഷാ ജീവനക്കാര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.

എന്തു കാരണത്താലാണ് മോഹന്‍ലാലിന്റെ കാര്‍ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് നോട്ടീസ്. മൂന്നു സുരക്ഷാ ജീവനക്കാരെ ജോലിയില്‍ നിന്നു മാറ്റിനിര്‍ത്താനും അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശം നല്‍കി.

മോഹന്‍ലാല്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോള്‍ കാറിന് പ്രവേശിക്കാന്‍ വടക്കേ നടയിലെ ഗേറ്റ് തുറന്നുകൊടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും പ്രചരിച്ചിരുന്നു.

അതേസമയം, ഗേറ്റ് തുറന്നുകൊടുത്തത് ദേവസ്വം ജീവനക്കാരന്‍ നിര്‍ദേശിച്ചതിനാലെന്ന് ജീവനക്കാരന്റെ വിശദീകരണം. മോഹന്‍ലാലിന്റെ കാറില്‍ തന്നെയാണ് ഈ ജീവനക്കാരന്‍ ഉണ്ടായിരുന്നത്.

ഇതേ വഴിയിലൂടെ ഭരണ സമിതിയിലെ സ്ഥിരാംഗം ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍ കടത്തിവിട്ടിരുന്നു. ഇതിന് പിന്നിലാണ് മോഹന്‍ലാലിന്റ കാര്‍ വന്നത്. ജീവനക്കാരന്‍ നിര്‍ദേശിക്കുകയും തൊട്ടുമുമ്പായി ഭരണസമിതി അംഗം കാറില്‍ വരികയും ചെയ്തതിനാലാണ് ഗേറ്റ് തുറന്നതെന്നാണ് വിശദീകരണം.

Exit mobile version