പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാവീഴ്ച: തുണി അലക്കുന്നതിനിടെ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു, തമിഴ്‌നാട്ടിലേക്ക് അന്വേഷണം

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അലക്ക് കേന്ദ്രത്തില്‍ നിന്നും കൊലക്കേസ് പ്രതി ചാടി രക്ഷപ്പെട്ടു. കൊലക്കേസില്‍ ജീവപര്യന്തം അനുഭവിച്ചിരുന്ന ജാബിര്‍ ഹുസൈനാണ് അലക്കുകേന്ദ്രത്തില്‍ ജോലിചെയ്യുന്നതിനിടെ ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്.

പ്രതി സ്വന്തം സ്വദേശമായ തമിഴ്‌നാട്ടിലെ തൂത്തുകുടിയിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണം സംഘം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

റോഡരികില്‍ സ്ഥിതി ചെയ്യുന്ന ജയില്‍ വളപ്പിലെ അലക്കുകേന്ദ്രത്തിലെ സുരക്ഷാ വീഴച മുതലെടുത്താണ് ജാബിറിന്റെ രക്ഷപ്പെടല്‍. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനും സഹതടവുകാരനും പ്രഭാത ഭക്ഷണം എടുക്കാന്‍ പോയ സമയത്തായിരുന്നു ജാബിര്‍ അലക്കുകേന്ദ്രത്തില്‍ നിന്ന് പുറത്ത്ചാടി ഓട്ടോയില്‍ കയറി രക്ഷപ്പട്ടത്. സംഭവത്തെ തുടര്‍ന്ന് ജയില്‍ വളപ്പിലെ തുണി അലക്ക് യൂണിറ്റ് താല്‍കാലികമായി അടച്ചു.

തടവുകാരെ പുറംപണിക്ക് ഇറക്കുമ്പോള്‍ കര്‍ശന സുരക്ഷ നല്‍കുമെന്ന് ജയില്‍വകുപ്പ് മേധാവി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തടവുചാട്ടത്തെക്കുറിച്ച് അന്വേഷിക്കുന്ന ദക്ഷിണ മേഖല ഡിഐജി പി.അജയകുമാര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി ഉദ്യോഗസ്ഥരുടേയും തടവുകാരുടേയും മൊഴിയെടുത്തു.

2017ല്‍ സെന്‍ട്രല്‍ ജയിലിലെത്തിയ ജാബിര്‍ ഹുസൈന്‍ റിമാന്‍ഡ് പ്രതിയായിരിക്കെ സബ് ജയിലില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. അന്ന് തമിഴ്‌നാട്ടില്‍ നിന്നാണ് ജാബിറിനെ പിടികൂടിയത്. നേരത്തെ ജയില്‍ചാടി പരിചയമുളള ജാബിര്‍ ഹുസൈന്റെ കാര്യത്തില്‍ കനത്ത സുരക്ഷാ വീഴ്ചയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.

തടവുകാരുടെ സ്വഭാവഗുണങ്ങള്‍ വിലയിരുത്തിയാണ് സുരക്ഷ കുറഞ്ഞ യൂണിറ്റുകളിലേക്ക് നിയോഗിക്കുന്നത്. ജാബിറിനെ തുണിയലക്ക് യൂണിറ്റിലേക്ക് മാറ്റിയതില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന വിമര്‍ശനം ഉയരുന്നുണ്ട്. കന്റോണ്‍മെന്റ് എസിയുടെ നേത്യത്വത്തിലുള്ള സംഘം ഉടന്‍ തന്നെ തൂത്തുകുടിയിലേക്ക് പോകും.

Exit mobile version