നിപ്പ; വിദേശത്തു നിന്ന് വരുന്നത് കാത്തിരിക്കേണ്ട, മരുന്ന് മെഡി. കോളേജില്‍ സ്‌റ്റോക്ക്; ഉപയോഗിക്കുന്നത് ട്രംപിന് കൊവിഡിന് നല്‍കിയ മരുന്നുകള്‍

medicine available | Bignewslive

കോഴിക്കോട്: നിപ്പ ബാധിതര്‍ക്ക് നല്‍കുന്നത് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ച മരുന്നുകള്‍. റെംഡിസിവറും മറ്റൊരു ആന്റി വൈറല്‍ മരുന്നായ ഫാവിപിരാവിറുമാണ് നിപ്പ ബാധിതര്‍ക്ക് നല്‍കുന്നത്. ഈ മരുന്ന് വിദേശത്തു നിന്നും വരുന്നത് കാത്തിരിക്കേണ്ട ആവശ്യമില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഈ രണ്ടു മരുന്നുകളും സ്‌റ്റോക്കുണ്ട്.

400 ഡോസ് റെംഡിസിവറാണ് കോവിഡ് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിന് ലഭിച്ചത്. അതില്‍ കോവിഡ് ചികിത്സയ്ക്ക് കുറച്ച് ഡോസ് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. സമ്പര്‍ക്കപ്പട്ടികയിലുള്ള ഏതാനും പേര്‍ക്ക് ഫാവിപിരാവിര്‍ നല്‍കിയിട്ടുണ്ടെങ്കിലും റെംഡിസിവര്‍ നിപ സ്ഥിരീകരിച്ചതിനുശേഷമേ നല്‍കാന്‍ കഴിയൂവെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഈ മരുന്ന് നല്‍കുന്നതിന് നിയന്ത്രണമുണ്ട്. റെംഡിസിവര്‍ ഇന്‍ജക്ഷനും ഫാവിപിരാവിര്‍ ഗുളികയുമാണ്. 2018-ല്‍ കേരളത്തില്‍ ആദ്യമായി നിപ വൈറസ് ബാധയുണ്ടായപ്പോള്‍ വിദേശത്തുനിന്നാണ് ഈ മരുന്നുകള്‍ എത്തിച്ചത്. അന്ന് പത്തുപേരിലാണ് റിബാവെറിന്‍ ആന്റിവൈറല്‍ മരുന്നായി ഉപയോഗിച്ചത്.

എന്നാല്‍, ഈ മരുന്ന് എത്രമാത്രം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. കോവിഡിന്റെ രോഗതീവ്രത കുറയ്ക്കാന്‍ റെംഡിസിവര്‍ ഫലപ്രദമാണെങ്കിലും നിപ ചികിത്സയ്ക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് നല്‍കി വരുന്നത്. നിപ പോസിറ്റീവായവര്‍ക്ക് ഉടന്‍ നല്‍കുന്ന മോണോ ക്ലോണല്‍ ആന്റിബോഡി ഓസ്ട്രേലിയയില്‍നിന്ന് ഉടന്‍ എത്തിക്കും.

Exit mobile version