‘കാത്തിരുന്നു… എത്തിയത് മകന്റെ മരണവാര്‍ത്ത’ ചങ്ക് തകര്‍ന്ന് ഈ അച്ഛന്‍; സൂരജിന്റെ ജീവന്‍ എടുത്തത് കാര്‍ യാത്രികരുടെ അശ്രദ്ധ, അനാഥമായി കുടുംബം

Accident kovalam | Bignewslive

കോവളം: ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനായി മകനെ കാത്തിരുന്ന അച്ഛന് എത്തിയത് മകന്റെ മരണവാര്‍ത്ത. മുട്ടത്തറ-കല്ലുമൂട് ബൈപ്പാസ് മേല്‍പ്പാതയില്‍ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ചാണ് 23കാരനായ സൂരജ് എസ് മരണപ്പെട്ടത്. പോത്തന്‍കോട് അയിരൂപ്പാറ പാറവിളാകം സൂര്യാഭവനില്‍ സുനില്‍ കുമാറിന്റെയും മോളിയുടെയും മകനാണ് സൂരജ്. നഴ്സിങ് വിദ്യാര്‍ഥിനിയായ ഭാര്യ മിഥുനയെ തിരുവല്ലത്തെ നഴ്സിങ് സ്‌കൂളിലാക്കിയ ശേഷം തിരികെ പോത്തന്‍കോട്ടുള്ള വീട്ടിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.

ലോക്ഡൗണായതിനാല്‍ നഴ്സിങ്ങിനു പഠിക്കുന്ന ഭാര്യ മിഥുനയെ തിരുവല്ലത്തെ കോളേജില്‍ എത്തിക്കാനായിരുന്നു സൂരജിന്റെ യാത്ര. ഒന്‍പതരയോടെ മടങ്ങിവരുമെന്ന് പറഞ്ഞായിരുന്നു യാത്ര. പക്ഷേ, എത്തിയത് മകന്റെ മരണവാര്‍ത്ത. ”കുടുംബത്തിന്റെ അത്താണിയാണ് വിട്ടുപോയത്’ – അദ്ദേഹം പറഞ്ഞു. രണ്ടുവര്‍ഷം മുമ്പായിരുന്നു സൂരജിന്റെ വിവാഹം. കടകളില്‍ പായ്ക്കറ്റ് ഫുഡുകള്‍ മിനിലോറിയില്‍ എത്തിക്കുന്ന ജോലിചെയ്താണ് കുടുംബം പോറ്റിയിരുന്നത്. ഇനി കുടുംബത്തെ സംരക്ഷിക്കാന്‍ ആരുമില്ലാതായി- സുനിലിനു കരച്ചിലടക്കാനാകുന്നില്ല. കാറോടിച്ചവരുടെ അശ്രദ്ധയാണ് മകന്റെ ജീവനെടുത്തതെന്നും സുനില്‍കുമാര്‍ പറയുന്നു.

അപകടത്തിനിടയാക്കിയ കാറില്‍നിന്ന് ഇറങ്ങിയോടിയ ആറ്റിങ്ങല്‍ സ്വദേശികളായ മൂന്നു പേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. കാറോടിച്ചിരുന്ന ആറ്റിങ്ങല്‍ മൂന്നുമുക്ക് സ്വദേശി ബ്രൗണ്‍(52), സഹോദരങ്ങളായ ബിനു രാജു(36), വിമല്‍ രാജു(33) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവര്‍ മദ്യപിച്ചിരുന്നോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തി വരികയാണ്. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം നടന്നത്.

തിരുവല്ലത്തുനിന്ന് ഈഞ്ചക്കല്‍ ഭാഗത്തേക്കു പോകുകയായിരുന്നു കാറും ബൈക്കും. ഇതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് 100 മീറ്ററോളം നിരങ്ങി നീങ്ങി. കാറിന്റെ ഒരു വശം പൂര്‍ണമായും തകര്‍ന്നു. സൂരജിന്റെ സഹോദരി: സൂര്യ.

Exit mobile version