ലോറിയും കാറും കൂട്ടിയിടിച്ചു; സഹോദരങ്ങള്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം, ഒരാളുടെ നില അതീവ ഗുരുതരം

Lorry car accident | Bignewslive

മൂവാറ്റുപുഴ: ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തൊടുപുഴ പുറപ്പുഴ സ്വദേശികളായ മൂക്കിലകാട്ടില്‍ രാജേന്ദ്രന്റെ മകന്‍ ആദിത്യന്‍ (23), കുന്നേല്‍ ബാബുവിന്റെ മകന്‍ വിഷ്ണു (24), സഹോദരന്‍ അരുണ്‍ ബാബു(22) എന്നിവരാണ് മരിച്ചത്.

കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുറപ്പുഴ മൂക്കിലകാട്ടില്‍ അമര്‍നാഥി (20)നെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ നാലോടെ എംസി റോഡില്‍ തൃക്കളത്തൂര്‍ കാവുംപടിക്ക് സമീപത്തായിരുന്നു ദാരുണമായ അപകടം നടന്നത്.

മണ്ണുമാന്തി യന്ത്രം കയറ്റി തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരും പോലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബംഗളൂരുവില്‍ നിന്നും ബന്ധുവിന് കാര്‍ എടുത്തശേഷം ഇരുകാറുകളിലായി മടങ്ങവെയാണ് യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. ആദിത്യന്റെയും വിഷ്ണുവിന്റെയും മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും അരുണിന്റെ മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version