സ്വത്തു തര്‍ക്കം; ചികിത്സ കിട്ടാതെ പുഴുവരിച്ച് നരകിച്ച് അമ്മ, എല്ലാം സഹിക്കാം മരിക്കുന്നില്ലേ എന്ന മക്കളുടെ ചോദ്യം ഇരട്ടി വേദനയെന്ന് സരോജിനി, ദുരിതം

തിരുവനന്തപുരം: മക്കള്‍ സ്വത്തിന്റെ പേരില്‍ തമ്മില്‍ തല്ലുമ്പോള്‍ മതിയായ ചികിത്സ കിട്ടാതെ പുഴുവരിച്ച് നരകജീവിതം അനുഭവിച്ച് 80കാരി സരോജിനി. തിരുവനന്തപുരം ബാലരാമപുരത്താണ് മക്കളുടെ വാശിയെ തുടര്‍ന്ന് വീട്ടിലെ വൃത്തിഹീനമായ മുറിയില്‍ പ്രാഥമിക കൃത്യങ്ങള്‍ക്കു പോലും മതിയായ സൗകര്യമില്ലാതെ എണ്‍പതുകാരിയായ സരോജിനി ദുരിതം അനുഭവിക്കുന്നത്.

രണ്ടു പെണ്‍മക്കളും ഒരു മകനുമാണ് സരോജിനിക്കുള്ളത്. മക്കള്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും ആഹാരം തരുന്നില്ലെന്നും സരോജിനി നിറകണ്ണുകളോടെ പറഞ്ഞു. ചായക്കട നടത്തിയാണു സരോജിനി തന്റെ മക്കളെ വളര്‍ത്തിയത്. ഒരു ചെറുമകന്‍ ആയുര്‍വേദ ഡോക്ടറാണ്. ഇത്രയും വരെ പഠിപ്പിച്ച് എത്തിച്ച മക്കളാണ് സരോജിനിയെ നരക ജീവിതത്തിലേയ്ക്ക് തള്ളിവിട്ടത്.

മലവും മൂത്രവും മുറിയിലെ ഒരു ബക്കറ്റില്‍ കിടക്കുന്നു. തലയ്ക്കു സമീപം എപ്പഴോ കൊണ്ടുവച്ച ഒരു പാക്കറ്റ് ബ്രെഡ്. ദേഹമാകെ വ്രണങ്ങള്‍, അതും പുഴുവരിച്ച നിലയിലും. ഈ സമയമാണ് മക്കള്‍ സ്വത്തിന്റെ പേരില്‍ തര്‍ക്കം നടത്തുന്നത്. ഒരു മകള്‍ വല്ലപ്പോഴും ഭക്ഷണം കൊടുക്കുമായിരുന്നെങ്കിലും ഓണത്തിനു ശേഷം അതും നിലച്ചു. സ്വത്ത് കിട്ടിയവര്‍ നോക്കട്ടെ എന്ന തര്‍ക്കമാണ് മക്കള്‍ തമ്മില്‍. ഇതെല്ലാം സഹിക്കാമെങ്കിലും മരിക്കുന്നില്ലേ, മരിക്കുന്നില്ലേ എന്ന മക്കളുടെ ചോദ്യമാണ് വേദന ഇരട്ടിയാക്കുന്നത്.

വീട്ടില്‍ ഇടയ്ക്ക് എത്തിയ നാട്ടുകാരാണ് സരോജിനിയുടെ ദയനീയ സ്ഥിതി അറിഞ്ഞത്. വാര്‍ത്ത പുറത്തറിഞ്ഞതോടെ സരോജനിയ്ക്ക് താല്‍ക്കാലിക ആശ്വാസവുമായി ഡോക്ടര്‍മാര്‍ എത്തി ചികിത്സ നല്‍കി. അമ്മയെ സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കിയ മക്കളോട് സംരക്ഷിച്ചില്ലെങ്കില്‍ നിയമനടപടിയെന്ന് പോലീസ് അറിയിച്ചു. വീട്ടില്‍ അമ്മയുള്ള കാര്യം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് അറിയാമായിരുന്നെങ്കിലും ഗുരുതരസാഹചര്യം അവരും അറിഞ്ഞിരുന്നില്ല.

Exit mobile version