‘എല്ലാം അവസാനിച്ചെന്ന് കരുതി, മരണം ഉറപ്പിച്ച സമയമായിരുന്നു അത്’ താലിബാന്റെ പിടിയിലകപ്പെട്ട നിമിഷം നിറകണ്ണുകളോടെ ഓര്‍ത്ത് ദിദില്‍ രാജീവന്‍

മട്ടന്നൂര്‍: താലിബാന്റെ പിടിയില്‍പ്പെട്ടപ്പോള്‍ എല്ലാം അവസാനിച്ചെന്നാണ് കരുതിയതെന്നും കരകയറിയത് മരണത്തിന്റെ വക്കില്‍നിന്നാണെന്നും ദിദില്‍ രാജീവന്‍. അഫ്ഗാനിസ്താനില്‍നിന്ന് മടങ്ങിയെത്തിയ കോടിയേരി സ്വദേശിയായ ദിദില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നിറകണ്ണുകളോടെയാണ് മരണത്തെ മുന്‍പില്‍ കണ്ട നിമിഷം ദിദില്‍ പങ്കുവെച്ചത്.

കാബൂളില്‍ ലോജിസ്റ്റിക്സ് ബിസിനസ് നടത്തുന്ന ദിദില്‍ ഒന്‍പതുവര്‍ഷം മുമ്പാണ് അഫ്ഗാനിലെത്തിയത്. ഡല്‍ഹിയില്‍നിന്ന് ഗോവ വഴിയാണ് തിങ്കളാഴ്ച ഉച്ചയോടെ ഇദ്ദേഹം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. ദിദിലിന്റെ കുടുംബാംഗങ്ങളും സ്വീകരിക്കാന്‍ വിമാനത്താവളത്തിലുണ്ടായിരുന്നു.

ദിദിലിന്റെ വാക്കുകള്‍;

സ്ഥിതിഗതികള്‍ മോശമായപ്പോള്‍ രണ്ട് വസ്ത്രങ്ങളുമായി ക്യാമ്പില്‍നിന്ന് ഇറങ്ങിയോടിയതാണ്. മൂന്നുതവണ ശ്രമിച്ചിട്ടും കാബൂള്‍ വിമാനത്താവളത്തില്‍ പ്രവേശിക്കാനായില്ല. പിന്നീട് സഞ്ചരിച്ച ബസുകള്‍ താലിബാന്‍ പിടിച്ചു. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പുറത്തിറക്കിയത്. മരണം ഉറപ്പിച്ച സമയമായിരുന്നു അത്.

വിമാനത്താവളത്തിലെത്തുന്നതിനുമുമ്പ് ആറുമണിക്കൂറോളം താലിബാന്റെ പിടിയിലായിരുന്നു. പാസ്പോര്‍ട്ടും മൊബൈല്‍ഫോണുമെല്ലാം അവര്‍ വാങ്ങി പരിശോധിച്ചു. ആദ്യം സ്ത്രീകളെയും പിന്നീട് അഫ്ഗാനികളെയും വിട്ടയച്ചശേഷം അവസാനമാണ് ഇന്ത്യക്കാരെ വിട്ടത്. പിടിയിലുള്ള സമയത്ത് കുടുംബാംഗങ്ങളെ വിവരമറിയിച്ചിരുന്നില്ല. ഡല്‍ഹിയിലെത്തിയശേഷമാണ് അമ്മയെ വിളിച്ചത്.

അഫ്ഗാന്‍ജനത വലിയ ഭീതിയിലാണ് കഴിയുന്നത്. പ്രശ്‌നമില്ലെന്ന് താലിബാന്‍ പറയുന്നുണ്ടെങ്കിലും അവരെ അറിയാവുന്ന ആരും അത് വിശ്വസിക്കുന്നില്ല. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനോ വിദ്യാഭ്യാസം നടത്താനോ കഴിയാത്ത സാഹചര്യമാണ്. ജനങ്ങള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും താലിബാന്‍ നിഷേധിച്ചുതുടങ്ങി. തിരിച്ചുവരുന്നതിന് തൊട്ടുമുമ്പാണ് താലിബാന്‍ കാബൂള്‍ കൈയടക്കിയത്. അവിടം സുരക്ഷിതമാണെന്നാണ് കരുതിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും നോര്‍ക്കയും വലിയ പിന്തുണയാണ് നല്‍കിയത്. സുരക്ഷ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു.

Exit mobile version