ഉടമകള്‍ അറസ്റ്റിലായി; തുള്ളി വെള്ളം പോലും കുടിക്കാതെ നായകളുടെ ‘നിരാഹാരം’, ഉദ്യോഗസ്ഥര്‍ക്ക് തലവേദന

കാക്കനാട്: ഫ്‌ളാറ്റില്‍ നിന്നു കോടികളുടെ ലഹരിവേട്ട നടത്തിയ എക്‌സൈസിന് തലവേദനയായി പ്രതികളുടെ പൊന്നോമന നായ്ക്കകള്‍. എംഡിഎംഎ കടത്തിയതിനു മറയൊരുക്കാന്‍ പ്രതികള്‍ ഉപയോഗിച്ച റോട്വീലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളാണ് ഇപ്പോള്‍ സംഘത്തിനു മുന്‍പില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നത്.

ലഹരിക്കടത്തിനു മറയാക്കിയ നായ്ക്കളെയും നിയമപ്രകാരം സംഘത്തിന് കസ്റ്റഡിയിലെടുക്കണം. എന്നാല്‍, ശൗര്യം കൂടിയ ഇനമായതിനാല്‍ നായ്ക്കളോടടുക്കാന്‍ ആര്‍ക്കും തന്നെ ധൈര്യവുമില്ല. ഉടമകള്‍ രാവിലെ അറസ്റ്റിലായതോടെ നായ്ക്കള്‍ ‘നിരാഹാരം’ ആരംഭിച്ചതും എക്‌സൈസുകാരെ കുഴക്കി. നായ്ക്കളെ വാഴക്കാലയിലെ ഫ്‌ലാറ്റിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളിലാണു കിടത്തിയിരിക്കുന്നത്.

മുന്‍സീറ്റില്‍ രണ്ടു നായ്ക്കളും പിന്‍സീറ്റില്‍ ഒരു നായുമാണ് സ്ഥാനം പിടിച്ചത്.. എക്‌സൈസുകാരും ഫ്‌ലാറ്റിലെ താമസക്കാരില്‍ ചിലരും നല്‍കിയ ഭക്ഷണം അവഗണിച്ച നായ്ക്കള്‍ വൈകുന്നേരം വരെ കാറിനുള്ളില്‍ തളര്‍ന്നു കിടപ്പായി.

എന്നാല്‍, നായ്ക്കളെ കസ്റ്റഡിയില്‍ എടുത്താല്‍ എവിടെ സൂക്ഷിക്കും ആരു പരിചരിക്കും തുടങ്ങിയ കാര്യങ്ങളില്‍ എത്തുംപിടിയും കിട്ടാതായതോടെ ഉദ്യോഗസ്ഥര്‍ അങ്കലാപ്പിലായി. ഒടുവില്‍ അറസ്റ്റിലായ പ്രതികളിലൊരാളുടെ ബന്ധുക്കളെ വിളിച്ചുവരുത്തി നായ്ക്കളുടെ മേല്‍നോട്ടച്ചുമതല ഏല്‍പ്പിക്കുകയായിരുന്നു.

Exit mobile version