ബൈക്കില്‍ അഭ്യാസ പ്രകടനം, പിടിമുറുക്കി ഗതാഗത വകുപ്പ്; എംവിഡിയുടെ ഓപ്പറേഷന്‍ റാഷില്‍ കുടടുങ്ങിയത് 1660 പേര്‍, 143 പേരുടെ ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം: ബൈക്കില്‍ അഭ്യാസം കാണിച്ചു നടക്കുന്നവരെ പിടികൂടാന്‍ ഓപ്പറേഷന്‍ റാഷുമായി മോട്ടോര്‍ വാഹനവകുപ്പ്. ഇതില്‍ കുടുങ്ങിയതാകട്ടെ 1660 പേരോളം. 143 പേരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. കര്‍ശന നടപടി തുടരാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ബൈക്ക് റേസിങ്ങിന്റെ അപകടം തുടരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ റാഷ് തുടങ്ങിയത്.

സ്വന്തം ജീവനൊപ്പം മറ്റുള്ളവരുടെ ജീവനും പുല്ലുവില കല്‍പ്പിക്കാതെ ബൈക്കില്‍ പായുന്നവരെ വാഹനവകുപ്പ് കൈയ്യോടെ പൊക്കുകയും ചെയ്തു. വീണ്ടും അഭ്യാസത്തിനു മുതിരാത്ത തരത്തില്‍ പൂട്ടുകയും ചെയ്തു. ഓപ്പറേഷന്‍ റാഷ് എന്ന പേരില്‍ തുടങ്ങിയ പ്രത്യേക പരിശോധനയില്‍ ആകെയെടുത്തത് 13405 കേസുകളാണ്.

ഇതില്‍ 1660 എണ്ണമാണ് അപകടകരമായ തരത്തില്‍ വാഹനമോടിച്ചതായി കണ്ടെത്തിയത്. ഇത്തരത്തില്‍ പിടികൂടിയ 143 പേരുടെ ലൈസന്‍സും ഇതിനകം റദ്ദാക്കി. ബാക്കിയുള്ളവര്‍ക്കെതിരായ നിയമനടപടി തുടരുകയാണ്. ഏറ്റവും കൂടുതല്‍ ബൈക്ക് അഭ്യാസങ്ങള്‍ കണ്ടത് ആലപ്പുഴ, കൊല്ലം ജില്ലകളിലാണെന്നു പരിശോധനയ്ക്കു നേതൃത്വം നല്‍കിയ അഡീഷനല്‍ ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ അറിയിച്ചു.

Exit mobile version