സിനിമയില്‍ അരനൂറ്റാണ്ട്; പണം ചെലവാക്കിയുള്ള ആദരം വേണ്ടെന്ന് മമ്മൂട്ടി, ചടങ്ങ് ലളിതമായി നടത്തുമെന്ന് മന്ത്രി സജിചെറിയാന്‍, സന്തോഷത്തിന്റെ മുഹൂര്‍ത്തം

Mammooty | Bignewslive

തിരുവനന്തപുരം: സിനിമയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ തന്നെ ആദരിക്കുന്നതിന് പണം മുടക്കരുതെന്ന് നടന്‍ മമ്മൂട്ടി. കഴിഞ്ഞ ദിവസം നിയമസഭയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് സര്‍ക്കാര്‍ മമ്മൂട്ടിയെ ആദരിക്കുമെന്ന് നിയമസഭയില്‍ അറിയിച്ചത്.

ഇക്കാര്യം നേരിട്ട് പറയാന്‍ മമ്മൂട്ടിയോട് മന്ത്രി സംസാരിക്കുകയും ചെയ്തിരുന്നു. ആ സമയത്താണ് പണം മുടക്കി ഒരു ആദരവും വേണ്ടെന്ന് മമ്മൂട്ടി അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. മമ്മൂട്ടിയുടെ ആഗ്രഹം അങ്ങനെയായതിനാല്‍ ഒരു ലളിത ചടങ്ങ് മതിയെന്നും ഇത് സന്തോഷത്തിന്റെ മുഹൂര്‍ത്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘കേരളത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവന അത് വളരെ പ്രോഗസിവ് ആണ്. വലിയ ആശയങ്ങള്‍ സംഭാവന ചെയ്ത മഹാനായ ഒരു കലാകാരനാണ് അദ്ദേഹം. പ്രത്യേകിച്ച് മതനിരപേക്ഷമായ അന്തരീക്ഷത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്,’ സജി ചെറിയാന്‍ പറഞ്ഞു.

1971 ഓഗസ്റ്റ് 6ന് റിലീസ് ചെയ്ത് അനുഭവങ്ങള്‍ പാളിച്ചകള്‍ ചിത്രത്തില്‍ ബഹുദൂറിന്റെ കൂടെ ഒരു സീനിലായിരുന്നു മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി ആദ്യമായി സംഭാഷണം പറയുന്നത് 1973 ല്‍ അഭിനയിച്ച കാലചക്രത്തിലാണ്.

50 വര്‍ഷത്തെ അഭിനയ കാലയളവില്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.

1998ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. 2ഛ10 ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോകടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാ കലാശാലയും ആദരിച്ചു.

Exit mobile version