ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്ക് ജാമ്യം; ഇരുവരും 3500 രൂപ വീതം കെട്ടിവെയ്ക്കണം, ആര്‍സി റദ്ദാക്കും, നടപടികളുമായി എംവിഡി

e bulljet brothers | Bignewslive

കണ്ണൂര്‍: ആര്‍ടി ഓഫീസില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ജാമ്യം. ഇരിട്ടി സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവര്‍ക്കാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം കെട്ടിവെയ്ക്കണം.

അതിനിടെ, ഇവരുടെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിനാണ് രജിസ്ട്രേഷന്‍ റദ്ദാക്കുന്നത്. ഇതിന്റെ മുന്നോടിയായി ആര്‍.സി. ഉടമയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസും നല്‍കി. കഴിഞ്ഞദിവസമാണ് യൂട്യൂബ് വ്ളോഗര്‍മാരായ എബിനും ലിബിനും കണ്ണൂര്‍ ആര്‍.ടി. ഓഫീസില്‍ പ്രശ്നങ്ങളുണ്ടാക്കിയത്.

അനധികൃതമായി രൂപമാറ്റം വരുത്തിയതിനും നികുതി അടയ്ക്കാത്തതിനും ഇവരുടെ ‘നെപ്പോളിയന്‍’ എന്ന പേരിലുള്ള ടെംപോ ട്രാവലര്‍ കാരവന്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ആര്‍.ടി. ഓഫീസില്‍ അതിക്രമിച്ചുകയറിയ ഇരുവരും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ഓഫീസിലെ ഉപകരണങ്ങള്‍ നശിപ്പിച്ചതായും പരാതിയുണ്ട്.

ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് ഇരുവരെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാവകുപ്പുകള്‍ ഉള്‍പ്പടെ ആറ് വകുപ്പുകള്‍ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരില്‍ കേസെടുത്തത്.

Exit mobile version