മദ്യം വാങ്ങാൻ എത്തുന്നവർക്ക് ആർടിപിസിആർ ടെസ്റ്റോ, വാക്‌സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ ഇപ്പോഴും വലിയ തിരക്കാണ് അതിനാൽ മദ്യം വാങ്ങാൻ എത്തുന്നവർക്കും ആർടിപിസിആർ ടെസ്റ്റോ, വാക്‌സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കണമെന്ന് ഹൈക്കോടതി.വാക്‌സിനേഷൻ പരമാവധി ആളുകളിലേക്കെത്താൻ തീരുമാനം ഉപകരിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് സർക്കാർ ഇപ്പോഴും കാണുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. പൊലീസ് ബാരിക്കേട് വച്ച് അടിച്ചൊതുക്കിയാണ് മദ്യശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നത്.താൻ നേരിട്ട് കണ്ട സംഭവമാണെന്നും കോടതി പറഞ്ഞു. മറ്റിടങ്ങളിൽ ആർടിപിസിആർ സർട്ടിഫിക്കറ്റോ, ആദ്യ വാക്‌സിൻ എടുത്ത രേഖയോ വേണമെന്ന് സർക്കാർ പറയുന്നു. എന്നാൽ ബെവ്‌കോ ബാറുകളിൽ ഈ നിയമം ബാധകമല്ലേയെന്ന് കോടതി ചോദിച്ചു. പച്ചക്കറി, പലവഞ്ജന കടകകളിൽ അടക്കം നിയന്ത്രണം ഉണ്ട്. പക്ഷേ ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് ഇത് ബാധകമാക്കാത്തതെന്ത് എന്ന് കോടതി ചോദിച്ചു.

പൊതുജനങ്ങളുടെ ആരോഗ്യമാണ് വലുതെന്ന് പറഞ്ഞ കോടതി വാക്‌സിൻ എടുത്തവർക്കോ ആർടിപിസിആർ ചെയ്തവർക്കോ മാത്രം മദ്യം വിൽക്കൂ എന്ന് തീരുമാനിക്കണമെന്നും സർക്കാരിനോട് പറഞ്ഞു. നാളെ തന്നെ ഈ വിഷയത്തിൽ മറുപടി വേണമെന്ന് കോടതി സർക്കാരിനോട് പറഞ്ഞു. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

Exit mobile version