‘ നെപ്പോളിയന്‍’ കസ്റ്റഡിയിലെടുത്തതിനെ ചൊല്ലി സംഘര്‍ഷം: ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ പോലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: പോലീസ് കസ്റ്റഡിയിലുള്ള വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവരെ കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി. പോലീസ് തങ്ങളെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് വ്‌ലോഗര്‍മാരായ ലിബിനും ഇബിനും ആരോപിച്ചത്.

കലക്ടറേറ്റിലെ ആര്‍ടിഒ ഓഫിസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. തങ്ങളുടെ നെപ്പോളിയന്‍ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓള്‍ട്ടറേഷന്‍ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫിസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ന് രാവിലെ ഇരുവരുമെത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തങ്ങളുടെ വാന്‍ ആര്‍ടിഒ കസ്റ്റഡിയിലെടുത്ത കാര്യം ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരുടെ ആരാധകരായ ആള്‍ക്കാര്‍ കണ്ണൂര്‍ ആര്‍ടിഒ ഓഫിസിലേക്കെത്തി. വ്ളോഗര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കണ്ണൂര്‍ ടൗണ്‍ പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ആര്‍ടിഒ ഓഫീസില്‍ ബഹളം വെച്ച യൂട്യൂബറെ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. യൂട്യൂബറുടെ വാഹനം കഴിഞ്ഞദിവസം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇന്ന് ആര്‍ടിഒ ഓഫീസിലെത്താന്‍ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ആര്‍ടിഒ നിലവില്‍ പരാതി നല്‍കിയിട്ടില്ല.

ആര്‍ടിഒ ഓഫീസില്‍ എത്തിയ യുട്യൂബര്‍മാരായ സഹോദരങ്ങള്‍ ഓഫീസിനകത്ത് വെച്ച് ലൈവ് വീഡിയോ ചെയ്യുകയായിരുന്നു. പൊട്ടിക്കരഞ്ഞ് ലൈവ് ചെയ്യാന്‍ തുടങ്ങിയതോടെ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പോലീസിനെ അറിയിക്കുകയും പോലീസ് എത്തി ഇവരെ ടൗണ്‍ സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. വാഹനത്തിന്റെ പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടാം തവണയും വാഹനം കസ്റ്റഡിയിലെടുത്തിരുന്നു.

നിയമങ്ങള്‍ അനുസരിക്കാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയതും നികുതി അടയ്ക്കുന്നതിലെ വീഴ്ചയുമാണ് വാഹനം കസ്റ്റഡിയിലെടുക്കാന്‍ കാരണമായത്. വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും യുട്യൂബ് വ്‌ലോഗര്‍മാര്‍ അടയ്ക്കണമെന്നാണ് ആര്‍ടിഒ വ്യക്തമാക്കുന്നത്.

Exit mobile version