പിആര്‍ ശ്രീജേഷിന് ഒരു ലക്ഷം രൂപ: കെടി ഇര്‍ഫാനും എംപി ജാബിറിനും 50,000 രൂപ വീതവും; ഒളിംപിക് താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത്

മലപ്പുറം: ടോക്യോ ഒളിംപിക്സില്‍ വെങ്കലം നേടി ചരിത്ര നേട്ടം സ്വന്തമാക്കിയ ഹോക്കി ടീമിലെ മലയാളി താരം പിആര്‍ ശ്രീജേഷിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപ പരിതോഷികം നല്‍കുമെന്ന് പ്രസിഡന്റ് എംകെ റഫീഖ് അറിയിച്ചു.

മലപ്പുറം ജില്ലയ്ക്ക് അഭിമാനമായി ഒളിംപിക്സില്‍ പങ്കെടുത്ത കെടി ഇര്‍ഫാന്‍, എംപി ജാബിര്‍ എന്നിവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം. ഒളിംപിക്സില്‍ പങ്കെടുത്ത മുഴുവന്‍ തരങ്ങളെയും യോഗം അഭിനന്ദിച്ചു.

ഒളിംപിക്സില്‍ മികവ് പുലര്‍ത്തിയ താരങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളും വ്യക്തികളും അസോസിയേഷനുകളും പരിതോഷികം പ്രഖ്യാപിച്ചു മുന്നോട്ട് വരുന്നുണ്ട്.

നേരത്തെ ശ്രീജേഷിന് ഒരുകോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകനും വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകനും ലുലു ഗ്രൂപ് ചെയര്‍മാന്‍ എംഎ യൂസുഫ് അലിയുടെ മകളുടെ ഭര്‍ത്താവുമായ ഡോ ഷംസീര്‍ വയലില്‍ രംഗത്തെത്തിയിരുന്നു.

Exit mobile version