നാണയം വിഴുങ്ങി മൂന്ന് വയസ്സുകാരന്‍ മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവം: സമരം തുടരുമെന്ന് അമ്മ നന്ദിനി

കൊച്ചി: ആലുവയില്‍ നാണയം വിഴുങ്ങി മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി കുഞ്ഞിന്റെ അമ്മ. ഒരു വര്‍ഷമായിട്ടും മകന്റെ മരണകാരണം അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് അമ്മ നന്ദിനി പറഞ്ഞു.

സര്‍ക്കാരും ഉദ്യോഗസ്ഥരും വഞ്ചിച്ചു. ജോലി വാഗ്ദാനം നല്‍കിയത് പാലിച്ചില്ലെന്നും മകന്റെ മരണ കാരണം വ്യക്തമാകും വരെ സമരവുമായി മുന്നോട്ടുപോകുമെന്നും നന്ദിനി പറഞ്ഞു.

2020 ഓഗസ്റ്റ് ഒന്നിനാണ് നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് മൂന്ന് വയസുകാരന്‍ പൃഥിരാജിനെ ആലുവ ജില്ല ആശുപത്രിയിലെത്തിച്ചത്. പീഡിയാട്രിക് സര്‍ജന്‍ ഇല്ലെന്ന കാരണത്താല്‍ അവിടെ നിന്നും എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലുമെത്തിച്ചു. എന്നാല്‍, കുഞ്ഞിനെ കിടത്തി ചികിത്സിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് രണ്ട് നാണയങ്ങള്‍ കണ്ടെത്തിയിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഹൃദയത്തിന്റെ അറകള്‍ക്ക് തകരാര്‍ സംഭവിച്ചുവെന്നാണ് രാസപരിശോധന ഫലം. ആരോഗ്യമന്ത്രിയ്ക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാല്‍ കുടുംബം പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.

Exit mobile version