തിരുവനന്തപുരം: അംഗപരിമിതി മറികടന്ന് സാക്ഷരതാ മിഷന്‍ പ്ലസ് വണ്‍ തുല്യതാ പരീക്ഷ പൂര്‍ത്തിയാക്കിയ അമ്മു കെഎസിനേയും സിനിമാ തിരക്കുകള്‍ക്കിടയില്‍ പഠനത്തില്‍ മികച്ച നേട്ടം കൈവരിച്ച സ്വരാജ് ഗ്രാമികയേയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
പ്രചോദനത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതീകമാണ് തിരുവനന്തപുരം സ്വദേശിനി അമ്മു കെഎസ്. അംഗപരിമിതിയെ മറികടന്ന് സാക്ഷരതാ മിഷന്‍ പ്ലസ് വണ്‍ തുല്യതാ പരീക്ഷ അമ്മു എഴുതി പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
കുറവുകള്‍ എന്ന് നാം കരുതുന്ന പരിമിതികളെ മികവുകളാക്കി മുന്നേറുന്ന അമ്മുവിനെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. വെല്ലുവിളികളെ അതിജീവിച്ച് പഠനം തുടരുന്ന അമ്മുവിന്റെ പഠനത്തോടുള്ള താല്‍പര്യവും അര്‍പ്പണമനോഭാവവും ഏവരേയും ആവേശഭരിതരാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും വാങ്ങിയ സിനിമാതാരം സ്വരാജ് ഗ്രാമികയേയും മന്ത്രി വി ശിവന്‍കുട്ടി ടെലിഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. നാവായിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് സ്വരാജ്. ഹ്യുമാനിറ്റീസ് വിഭാഗത്തിലാണ് സ്വരാജ് മികച്ച വിജയം നേടിയിരിക്കുന്നത്. നാവായിക്കുളം വെട്ടിയറ വൈഖരിയില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരായ ബൈജു ഗ്രാമികയുടെയും മായയുടെയും മകനാണ്.
നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സ്വരാജ് സിനിമാ തിരക്കുകള്‍ക്കിടയിലാണ് പഠനത്തില്‍ മികച്ച നേട്ടം കൈവരിച്ചത്. മമ്മൂട്ടി നായകനായ പുത്തന്‍പണം, മഞ്ജുവാര്യര്‍ നായികയായ ഉദാഹരണം സുജാത,ഇന്ദ്രജിത്ത് നായകനായ താക്കോല്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷമാണ് ഈ കിളിമാനൂരുകാരന്‍ ചെയ്തിട്ടുള്ളത്. ‘നോട്ടീസ് വണ്ടി’ എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും സ്വരാജിന് ലഭിച്ചിട്ടുണ്ട്.