ട്രൗസര്‍ ധരിച്ച് പോലീസ് സ്‌റ്റേഷനിലെത്തി; പരാതി സ്വീകരിക്കാതെ യുവാക്കളെ തിരിച്ചയച്ച് പോലീസ്

കൊല്‍ക്കത്ത: പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ യുവാക്കളെ ട്രൗസര്‍ ധരിച്ച് ചെന്നതിന്റെ പേരില്‍ തിരിച്ചയച്ച് പോലീസ്. കസബ പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

പോലീസ് സ്‌റ്റേഷന് സമീപത്തെ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു. ഇതില്‍ പരാതി നല്‍കാനാണ് രണ്ട് യുവാക്കള്‍ പോലീസ് സ്‌റ്റേഷനില്‍ പോയത്. എന്നാല്‍ ഇവരെ സ്റ്റേഷന്റെ ഗേറ്റില്‍ സുരക്ഷാ ജീവനക്കാരന്‍ തടയുകയായിരുന്നു. ട്രൗസര്‍ ധരിച്ച് വരുന്നവരെ അകത്തേക്ക് കടത്തി വിടില്ലെന്നും സുരക്ഷ ജീവനക്കാരന്‍ പറഞ്ഞുവെന്നും യുവാക്കള്‍ പറഞ്ഞു.

തുടര്‍ന്ന് വീട്ടില്‍ പോയി വസ്ത്രം മാറി വന്നതിനു ശേഷമാണ് ഇവര്‍ക്ക് പരാതി നല്‍കാനായത്. യുവാക്കളില്‍ ഒരാള്‍ ഫേസ്ബുക്കിലാണ് ഈ അനുഭവം പങ്കുവെച്ചത്. കൊല്‍ക്കത്ത പോലീസിന്റെ ട്വിറ്ററില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ നിങ്ങള്‍ ട്രൗസറിട്ട് ഓഫീസില്‍ പോകുമോ എന്ന ചോദ്യമാണ് തിരികെ ലഭിച്ചതെന്നും യുവാവ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റ് വിവാദമായതോടെ സംഭവത്തില്‍ സൗത്ത് സബര്‍ബന്‍ ഡിവിഷന്‍ ഡിസി റഷീദ് മുനിഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Exit mobile version