എഴുത്തറിയാത്തവനെന്ന പരിഹാസത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം മറുപടി; അര്‍ബുദരോഗത്തോടു പോരടിച്ച് 65-ാം വയസിലും കേശവേട്ടന്‍ പഠനത്തില്‍

തിരുവനന്തപുരം: അര്‍ബുദത്തോടു പൊരുതി 65-ാം വയസിലും കേശവേട്ടന്‍ പഠനത്തിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് നേരിട്ട എഴുത്തറിയാത്തവനെന്ന അവഹേളനത്തിനെതിരേയുള്ള മറുപടിയാണ് കേശവേട്ടന്റെ പ്രായം പോലും മറ്റിനിര്‍ത്തിയുള്ള പഠനം. ഇപ്പോള്‍, 26-നു നടക്കുന്ന പ്ലസ് വണ്‍ തുല്യതാ പരീക്ഷയില്‍ അര്‍ബുദത്തെയും അവഗണിച്ച് കേശവന്‍ പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്.

വയനാട് വാളാട് മുണ്ടോംകണ്ടത്തില്‍ വിപി കേശവന്‍ നാലാം ക്ലാസില്‍ പഠനം നിര്‍ത്തിയതാണ്. പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. പതിനഞ്ചു വര്‍ഷം മുമ്പാണ് ‘അക്ഷരദീപം പദ്ധതി’ക്കായി അധ്യാപകരെ തിരഞ്ഞ് നടക്കുമ്പോള്‍ ജസിയെന്ന സാക്ഷരതാ അസിസ്റ്റന്റ് പ്രേരകിനെ കേശവന്‍ കണ്ടുമുട്ടുന്നത്.

ഇദ്ദേഹം വയനാടാണ് താമസം. പഠിക്കണമെന്ന അദ്ദേഹത്തിന്റെ താത്പര്യം കണ്ടതോടെ 45 വര്‍ഷം പുറകിലുള്ള രേഖകള്‍ അദ്ദേഹം പഠിച്ച സ്‌കൂളില്‍ നിന്നും ജെസി കണ്ടെത്തുകയും ചെയ്തു. സാക്ഷരതാ മിഷന്റെ നാല്, ഏഴ്, പത്ത് ക്ലാസുകളിലെ തുല്യതാ പരീക്ഷകളില്‍ കേശവന്‍ വിജയിച്ചു.

ഒരിക്കല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ വേണ്ടി ഒരാളുടെ സഹായം തേടിയപ്പോഴാണ് എഴുത്തറിയാത്തവനെന്ന പരിഹാസമുണ്ടായത്. ആ വാക്കുകള്‍ പഠിക്കണമെന്ന ആഗ്രഹത്തിനു ആഴം കൂട്ടി. ഇപ്പോള്‍ ആ പരിഹാസങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് കേശവന്റെ പഠനം. ഭാര്യയും നാലു മക്കളുമടങ്ങുന്നതാണ് കേശവന്റെ കുടുംബം.

Exit mobile version