കോട്ടയം ജില്ലയിലും സിക്ക: രോഗബാധ ആരോഗ്യപ്രവര്‍ത്തകയ്ക്ക്

കോട്ടയം: കോട്ടയം ജില്ലയിലും സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സിക്ക വൈറസ് പഠനത്തിന് പോയ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗം ബാധിച്ചത്.

ജില്ലയില്‍ തിരിച്ചെത്തിയ ശേഷം ജൂലൈ 19 തിങ്കളാഴ്ച്ച രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ രക്ത പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയെ ഐസൊലേഷനില്‍ പാര്‍പ്പിച്ച് നിരീക്ഷിച്ചു വരികയാണ്.

രോഗിയുമായി അടുത്ത് ഇടപഴകിയവരെ രക്തപരിശോധനയ്ക്ക് വിധേയരാക്കുന്നതിന് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. പികെ ജയശ്രീ പറഞ്ഞു. രോഗിയുടെ താമസസ്ഥലത്തിന്റെ സമീപ മേഖലകളില്‍ ആളുകളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചുവരുന്നു. ഈ മേഖലയില്‍ കൊതുകിന്റെ ഉറവിടങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുള്ള നടപടികളും ഊര്‍ജ്ജിതമാക്കി.

നേരിയ പനി, ശരീരത്തില്‍ തിണര്‍പ്പ് എന്നിവയാണ് സാധാരണ കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍. ചിലരില്‍ കണ്ണുകളില്‍ ചുവപ്പു നിറം, പേശി വേദന, ക്ഷീണം എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. ലക്ഷണങ്ങള്‍ രണ്ടു മുതല്‍ ഏഴു ദിവസം വരെ നീണ്ടുനില്‍ക്കാം. സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്നു മാസങ്ങളില്‍ സിക്ക വൈറസ് ബാധിച്ചാല്‍ കുഞ്ഞിന് മൈക്രോസെഫാലി എന്ന അവസ്ഥക്ക് കാരണമായേക്കും.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്കയ്ക്കും കാരണമാകുന്നത്. അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തിന് ഉറവിട നിര്‍മാര്‍ജ്ജനം അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.

ഇതോടെ സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശി (26), ആനയറ സ്വദേശിനി (37), പേട്ട സ്വദേശിനി (25) എന്നിവര്‍ക്കാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. 5 പേരാണ് നിലവില്‍ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

Exit mobile version