രക്തത്തില്‍ കുളിച്ച് ആ യുവാക്കള്‍ കിടക്കുന്നു, ചുറ്റിലും ആള്‍ക്കൂട്ടം നോക്കിനില്‍ക്കുന്നു, കണ്ടു നില്‍ക്കാന്‍വയ്യ, ആ രണ്ടു ജീവന്‍ രക്ഷിച്ചു വീട്ടമ്മ

ആലപ്പുഴ: വീട്ടമ്മമാരുടെ കരുത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് ബോധരഹിതരായി റോഡില്‍ക്കിടന്ന 2 യുവാക്കളുടെ ജീവന്‍ രക്ഷിച്ചത് ഈ വീട്ടമ്മയാണ്. പന്തളംമാവേലിക്കര റോഡില്‍ ഇടപ്പോണ്‍ ഐരാണിക്കുടി പാലത്തിനു സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റ ഇടപ്പോണ്‍ സ്വദേശികളായ പ്രദീപിനെയും പ്രകാശിനെയും ആശുപത്രിയിലെത്തിച്ചത് ഗീത സന്തോഷ് എന്ന വീട്ടമ്മ. നാട്ടുകാരും യുവാക്കളും നോക്കി നില്‍ക്കെയാണ് വീട്ടമ്മ താരമായത്.

ബന്ധുവിന്റെ മകനെ സ്‌കൂളില്‍ അയച്ച ശേഷം മകനുമായി കാര്‍ ഡ്രൈവ് ചെയ്തു വീട്ടിലേക്കു മടങ്ങവേയാണ് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ എന്താണെന്ന് തിരക്കിയപ്പോള്‍ തലയ്ക്കു പരുക്കേറ്റ് രക്തം വാര്‍ന്ന അവസ്ഥയിലായില്‍ 2യുവാക്കള്‍ കിടക്കുന്നു. ഒട്ടേറപ്പേര്‍ കാഴ്ചക്കാരായി ചുറ്റിലും നില്‍ക്കുന്നു. പിന്നെ ഒന്നും നോക്കിയില്ല ഗീത ഇവരെ വേഗം ആശുപത്രിയില്‍ എത്തിച്ചു. ബന്ധുക്കളെ വിവരമറിച്ചതും ഗീതയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പാക്കിയിട്ടാണ് ഗീത മടങ്ങിയത്.

ഇടപ്പോണ്‍ സംഗീതയില്‍ എസ് സന്തോഷിന്റെ ഭാര്യയാണ് ഗീത. ഇവര്‍ ഭര്‍ത്താവിനോടൊപ്പം സൗദിയില്‍ ആയിരുന്നു. 8 മാസം മുമ്പാണ് ഇടപ്പോണിലുള്ള വീട്ടില്‍ ഇവര്‍ താമസമാക്കിയത്. പത്തിലും, എട്ടിലും പഠിക്കുന്ന സംഗീത, സംഗീത് എന്നിവര്‍ മക്കളാണ്.

Exit mobile version