വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സപ്പോര്‍ട്ടിങ് സ്‌കോളര്‍ഷിപ്പ്; പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇത്

kerala police | bignewslive

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സപ്പോര്‍ട്ടിങ് സ്‌കോളര്‍ഷിപ് എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമെന്ന് കേരള പോലീസ്. ഡാറ്റ ശേഖരണവും സാമ്പത്തിക തട്ടിപ്പുമാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റ്:

വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സപ്പോര്‍ട്ടിങ് സ്‌കോളര്‍ഷിപ് : പ്രചരിക്കുന്നത് വ്യാജസന്ദേശങ്ങള്‍. ഡാറ്റ ശേഖരണവും സാമ്പത്തിക തട്ടിപ്പുമാണ് ലക്ഷ്യം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സപ്പോര്‍ട്ടിംഗ് സ്‌കോളര്‍ഷിപ്പെന്ന പേരില്‍ ധനസഹായം നല്‍കുന്നതായുള്ള വ്യാജ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഇല്ലാത്ത സ്‌കോളര്ഷിപ്പിന്റെ പേരില്‍ നിരവധി പേരാണ് കബളിപ്പിക്കപ്പെട്ടത്. വ്യാജ സന്ദേശങ്ങളുടെ നിജസ്ഥിതി അറിയാതെ പേര് രജിസ്റ്റര്‍ ചെയ്യാനായി അക്ഷയ കേന്ദ്രങ്ങളിലേക്ക് ആളുകള്‍ എത്തുകയാണ്.

കൊവിഡ് സപ്പോര്‍ട്ടിങ് പദ്ധതി പ്രകാരം ഒന്നു മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ കേന്ദ്ര ധനസഹായം നല്‍കുമെന്നാണ് പ്രചരിക്കുന്ന സന്ദേശം. യാഥാര്‍ഥ്യമറിയാതെ അദ്ധ്യാപകരടക്കം സ്‌കൂള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് സന്ദേശം വ്യാപകമായി പ്രചരിച്ചത്. രജിസ്ട്രേഷന്‍ ഫീസായി 100 രൂപ മാത്രം ഈടാക്കുന്നുണ്ട്.

കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിപ്പു സംഘങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ നല്‍കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനാണ് സാദ്ധ്യത.

സോഷ്യല്‍ മീഡിയകള്‍ വഴി ‘അഞ്ചാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ 4,000 രൂപ കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു’ എന്ന വ്യാജ സന്ദേശവും പ്രചരിക്കുന്നുണ്ട്. ഇതും വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ബിരുദ വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപയുടെ സ്‌കോളര്‍ഷിപ്പ്, ലോക് ഡൗണ്‍ കാലത്ത് വ്യാപരികള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം, ദിവസ വേതന തൊഴിലാളികള്‍ക്കും അതിഥിത്തൊഴിലാളികള്‍ക്കും മൂന്ന് മാസം 10,000 രൂപ വീതം തുടങ്ങിയ വ്യാജ പ്രചാരണം കൊവിഡിന്റെ മറവില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.

സര്‍ക്കാരിന്റെയും ഐ.ടി മിഷന്‍, അക്ഷയ എന്നിവയുടെ ലോഗോ സഹിതമാണ് പ്രചാരണം. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ഒഫീഷ്യല്‍ വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ മാത്രമാണ് പൊതുജനങ്ങള്‍ വിശ്വാസത്തില്‍ എടുക്കേണ്ടത്. #keralapolice

Exit mobile version