ആയൂര്‍വ്വേദാചാര്യന്‍ ഡോ. പികെ വാര്യര്‍ അന്തരിച്ചു: ഓര്‍മ്മയായത് ആയൂര്‍വേദത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മഹാവൈദ്യന്‍

കോട്ടയ്ക്കല്‍: വൈദ്യകുലപതിയും കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പികെ വാര്യര്‍ അന്തരിച്ചു. 100 വയസായിരുന്നു. ശനിയാഴ്ച ഉച്ചയോടെ വസതിയായ കൈലാസ മന്ദിരത്തില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.

ജൂണ്‍ എട്ടിനാണ് 100ാം ജന്മദിനം ആഘോഷിച്ചത്. പത്മശ്രീ, പത്മഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മഹാവൈദ്യനായാണ് അദ്ദേഹം അറിയപ്പെടുന്നത്.

ആയുര്‍വേദം ഒരു ചികിത്സാരീതി മാത്രമല്ല. അതില്‍ ജീവിതത്തിന്റെ പ്രകാശമുണ്ടെന്ന് വിശ്വസിച്ച കര്‍മനിരതനായ വ്യക്തിയായിരുന്നു അദ്ദേഹം. വൈദ്യത്തിന് മാനവികതയുടെ മുഖം നല്‍കുകയും കേരളത്തിന്റെ ചികിത്സാപെരുമ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുകയും ചെയ്തു പി.കെ വാരിയര്‍ എന്ന വിശ്വപൗരന്‍.

1921 ജൂണ്‍ 5 മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ ഒരു ഇടത്തരം കുടുംബത്തില്‍ ശ്രീധരന്‍ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുടെയും മകനായി നാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ ജനിക്കുന്നത്.

കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ ആണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്നം പിഎസ് വാരിയര്‍ ആയുര്‍വേദ കോളേജില്‍. ആര്യ വൈദ്യപാഠശാലയായാണ് ഈ സ്ഥാപനം അറിയപ്പെട്ടത്. 1942 ല്‍ അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനാകുകയും അതിന്റെ ഭാഗമമാകുകയും ചെയ്തു.

1999ല്‍ പത്മശ്രീയും 2010ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു. 1997ല്‍ ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് ‘ആയുര്‍വേദ മഹര്‍ഷി’ സ്ഥാനം അദ്ദേഹത്തിനു സമര്‍പ്പിക്കുകയുണ്ടായി. ധന്വന്തരി പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ അഷ്ടാംഗരത്‌നം പുരസ്‌കാരം, ഡോ.പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, പതഞ്ജലി പുരസ്‌കാരം, സി. അച്യുതമേനോന്‍ അവാര്‍ഡ്, കാലിക്കറ്റ്, എംജി സര്‍വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി കെ വാരിയരെത്തേടിയെത്തിയ ബഹുമതികളില്‍ ചിലതുമാത്രം. കേരള ആയുര്‍വേദ മണ്ഡലം, അഖിലേന്ത്യാ ആയുര്‍വേദ കോണ്‍ഗ്രസ് എന്നിവയുടെ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്മൃതിപര്‍വമെന്ന പേരില്‍ രചിച്ച ആത്മകഥ സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി.

മെട്രിക്കുലേഷനുശേഷം കോട്ടയ്ക്കല്‍ ആര്യവൈദ്യപാഠശാലയില്‍ നിന്ന് ആയുര്‍വേദത്തില്‍ ഡിപ്ലോമ നേടി. 1947 ല്‍ ഫാക്ടറി മാനേജരായി ആര്യവൈദ്യശാലയില്‍ നിയമനം. 1953 ല്‍ രണ്ടാമത്തെ മാനേജിംഗ് ട്രസ്റ്റിയായി. ആര്യ വൈദ്യശാലയെ പ്രശസ്തിയുടെ ഉന്നതിയില്‍ എത്തിച്ചതില്‍ ഡോ. പികെ വാരിയര്‍ക്കുള്ള പങ്ക് നിസ്ഥുലമാണ്.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, ആയുര്‍വേദകോളേജ്, സെന്റര്‍ ഓഫ് മെഡിസിനല്‍ പ്ലാന്റ് റിസര്‍ച്ച് എന്നിവ സ്ഥാപിച്ചു. ഗവേഷണത്തിന് പരമപ്രാധാന്യം നല്‍കി. ഔഷധച്ചെടികളുടെ വലിയ ഒരു ഉദ്യാനം കോട്ടയ്ക്കലില്‍ സംരക്ഷിച്ചുവരുന്നത് ഡോ. പി കെ വാരിയരുടെ നിര്‍ദ്ദേശത്തിലാണ്.

പാരമ്പര്യത്തിന്റെ നന്മകള്‍ ഉള്‍ക്കൊള്ളുമ്പോഴും ആധുനികവത്ക്കരണത്തേയും അദ്ദേഹം ഉള്‍ക്കൊണ്ടു. കഷായത്തെ ടാബ്ലറ്റ് രൂപത്തിലാക്കി. ലേഹ്യത്തെ ഗ്രാന്യൂളുകളാക്കി. ഭസ്മത്തെ ഗുളിക രൂപത്തിലാക്കി. കോട്ടയ്ക്കലിന് പുറമെ പാലക്കാടും നഞ്ചന്‍കോടും ആര്യവൈദ്യശാലയ്ക്ക് ഫാക്ടറികളുണ്ടായി. കലയേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കാനും ആര്യവൈദ്യശാല മുന്‍കയ്യെടുത്തു. കോട്ടയ്ക്കല്‍ പിഎസ്വി നാട്യസംഘം പ്രശസ്തമായ ഒരു കഥകളി ഗ്രൂപ്പാണ്.

Exit mobile version