മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത! പശുക്കളെ ആസിഡ് ഒഴിച്ച് പൊള്ളിച്ചു; പോലീസില്‍ പരാതി

കോതമംഗലം: സംസ്ഥാനത്ത് വീണ്ടും മിണ്ടാപ്രാണികളോട് കണ്ണില്ലാത്ത ക്രൂരത. കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടം പ്രദേശത്ത് പശുക്കളെ ആസിഡ് ഒഴിച്ച് പൊള്ളിച്ചു. നാല് പശുക്കള്‍ക്ക് പൊള്ളലേറ്റു.

കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടം പ്രദേശത്താണ് മിണ്ടാ പ്രാണികള്‍ക്കുനേരെ ക്രൂരത. ഒരു വര്‍ഷത്തിലേറെയായി പ്രദേശത്ത് നിരവധി പശുക്കള്‍ക്കു നേരെ ഇത്തരത്തില്‍ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് നാലു പശുക്കളെ ആസിഡ് വീണ് ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ആസിഡ് വീണ് തൊലി പൊള്ളി പൊളിഞ്ഞ നിലയിലാണ് പശുക്കള്‍. പശുക്കള്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ പ്രദേശത്തെ മൂന്നു വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

നേരത്തെയും സമാന സംഭവങ്ങളില്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് ആരെയും പിടികൂടിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഏതാനും പശുക്കളെ കാണാതായതായും പരാതിയുണ്ട്. ആസിഡ് ഒഴിക്കുന്നവരെ കണ്ടെത്താന്‍ പ്രദേശവാസികള്‍ നിരീക്ഷണം നടത്തിയെങ്കിലും ആരെയും പിടികൂടാന്‍ സാധിച്ചില്ല.

Exit mobile version