എസ്‌ഐ ആനി ശിവയ്‌ക്കെതിരെ അധിക്ഷേപ പോസ്റ്റ്: അഡ്വ. സംഗീത ലക്ഷ്മണയ്‌ക്കെതിരെ കേസ്

കൊച്ചി: എസ്‌ഐ ആനി ശിവയ്‌ക്കെതിരായ അധിക്ഷേപ ഫേസ്ബുക്ക് പോസ്റ്റില്‍ അഡ്വ. സംഗീത ലക്ഷ്മണയ്‌ക്കെതിരെ പോലീസ് കേസ്. ആനി ശിവയുടെ പരാതിപ്രകാരം കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്.

നാരങ്ങാവെള്ളം വിറ്റുനടന്ന സ്ഥലത്ത് എസ്ഐ ആയി എത്തിയ ആനി ശിവക്ക് അഭിനന്ദപ്രവാഹങ്ങള്‍ തുടരുന്നതിനിടെയായിരുന്നു സംഗീത ലക്ഷ്മണയുടെ അധിക്ഷേപകരമായ പോസ്റ്റ്.

പോസ്റ്റ് ആനി ശിവയുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകന്‍ അഡോഫിന്‍ മാമച്ചനാണ് പരാതി നല്‍കിയത്. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും ഡിപ്പാര്‍ട്‌മെന്റ് ആവശ്യപ്പെട്ടാല്‍ അന്വേഷണവുമായി സഹകരിക്കുമെന്നും ആനി ശിവ പ്രതികരിച്ചിരുന്നു. മുന്‍ ഐജി കെ ലക്ഷ്മണയുടെ മകളാണ് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ.

‘വീട്ടുകാരെ ചതിച്ച് കണ്ടവന്റെ കൂടെ ഒളിച്ചോടി പോയി കൊച്ചിനെ പെറ്റുണ്ടാക്കിയവള്‍, വഴിവിട്ട ജീവിതം ജീവിച്ചത് കൊണ്ട് പെരുവഴിയിലായവള്‍, ആണ്‍വേഷം കെട്ടി തേരാ പാരാ നടന്ന് നാരങ്ങാവെള്ളം വിറ്റ് നടന്നവള്‍”, എന്നിങ്ങനെയാണ് സംഗീത ലക്ഷ്മണയുടെ അധിക്ഷേപം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ്.

സംഗീത ലക്ഷ്മണയുടെ പോസ്റ്റിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. സേനയിലെ ഒരാളെ അപമാനിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിപ്പിച്ചിട്ടും പോലീസ് ആരും കേസെടുത്തില്ലെന്നും പരാതിയില്‍ പറയുന്നു. പോലീസിന്റെ നിസംഗതയില്‍ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.

Exit mobile version