കൊവിഡ് പെറ്റമ്മയുടെ ജീവനെടുത്തു; പ്രതിരോധ ചുമരെഴുത്തുമായി മകന്‍ നടേശന്‍, കൊവിഡ് വ്യാപനം കെട്ടടങ്ങും വരെ ചുവരെഴുത്ത് തുടരും

ആലപ്പുഴ: കൊവിഡ് പെറ്റമ്മയുടെ ജീവനെടുത്തതിന് പിന്നാലെ പ്രതിരോധ ചുമരെഴുത്തുമായി മകന്‍. കലാകാരനായ മണ്ണഞ്ചേരി നേതാജി തണല്‍വീട്ടില്‍ ടി നടേശന്‍ ആണ് അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് പ്രതിരോധ ചുമരെഴുത്തുമായി രംഗത്തെത്തിയത്.

മേയ് തുടക്കത്തിലാണ് നടേശന്റെ 80കാരിയായ മാതാവ് കൊവിഡ് ബാധിച്ച് മരിച്ചത്. അമ്മയുടെ വിയോഗത്തിന്റെ അന്നുമുതല്‍ പൊതുചുവരുകള്‍ കണ്ടെത്തി ബോധവത്കരണ ചിത്രങ്ങളും ചുവരെഴുത്തും തുടങ്ങുകയായിരുന്നു. ചായവും മറ്റ് ഉപകരണങ്ങളും സ്വന്തമായി കണ്ടെത്തിയാണ് വരക്കുന്നത്. ആലപ്പുഴ കടപ്പുറത്തെ വനിത-ശിശു ആശുപത്രിക്ക് സമീപത്തെ മതിലില്‍ 23ാമത്തെ ചുവരെഴുത്താണ് പൂര്‍ത്തിയാക്കിയത്.

കൊവിഡിന്റെ വ്യാപനം കെട്ടടങ്ങുംവരെ ചുവരെഴുത്ത് തുടരാനാണ് തീരുമാനമെന്ന് നടേശന്‍ പറയുന്നു. വ്യത്യസ്ത രീതിയില്‍ ബോധവത്കരണം നടത്തുന്ന നടേശനെ ജില്ല മെഡിക്കല്‍ ഓഫിസര്‍ എല്‍ അനിത കുമാരിയും മാസ് മീഡിയ ഓഫിസര്‍ പിഎസ് സുജയും ഉദ്യോഗസ്ഥരും നേരിട്ട് അനുമോദിച്ച് പ്രശംസപത്രം കൈമാറി.

പ്രതിരോധ ചുവരെഴുത്ത് തുടരുന്നതിനുള്ള ആരോഗ്യവകുപ്പിന്റെ ധനസഹായവും പ്രോത്സാഹനവുമായി 5000 രൂപയും കൈമാറി. നേതാജി, തമ്പകച്ചുവട്, കോമളപുരം, ഗുരുപുരം, പുന്നപ്ര, മുഹമ്മ തുടങ്ങിയ ജങ്ഷനുകളിലെല്ലാം ചുവരെഴുത്ത് പതിഞ്ഞുകഴിഞ്ഞു. ഭാര്യ: ജയ. അഗ്രജ് നടേശന്‍ (ഗവ ഐടിഐ വിദ്യാര്‍ഥി), ഷിയ നടേശന്‍ (എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥി), അര്‍ണവ് (വിദ്യാര്‍ഥി) എന്നിവരാണ് മക്കള്‍.

Exit mobile version