സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്കൊപ്പം ചെലവഴിച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകള്‍ സന്ദര്‍ശിച്ച് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം പൂജപ്പുരയിലുള്ള സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം, സ്പെഷ്യല്‍ ഹോം എന്നിവയാണ് സന്ദര്‍ശിച്ചത്.

കുറച്ച് നേരം കുട്ടികളോടൊപ്പം ചെലവഴിക്കുകയും അവരുടെ സുഖ വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ചില്‍ഡ്രന്‍സ് ഹോമിനായി നവീകരിച്ച കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും മന്ത്രി പരിശോധിച്ചു. പൂജപ്പുരയിലുള്ള വനിത ശിശുവികസന വകുപ്പ് ഡയറക്ടറേറ്റ് മന്ത്രി സന്ദര്‍ശിച്ച് ജീവനക്കാരെ അഭിസംബോധന ചെയ്തു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ജീവനക്കാര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായുള്ള വകുപ്പിന്റെ സേവനങ്ങളെപ്പറ്റി അവബോധം ശക്തിപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Exit mobile version