ആരുടെയും മുന്നില്‍ നട്ടെല്ല് വളച്ചിട്ടില്ല: ആരുടെയും ഔദാര്യത്തിലുമല്ല നിയമസഭയിലിരിക്കുന്നത്; വിഡി സതീശന് മറുപടിയുമായി പിവി ശ്രീനിജന്‍ എംഎല്‍എ

കൊച്ചി: താന്‍ ട്വന്റി ട്വന്റിയുടെ ഉത്പന്നമാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമര്‍ശനത്തിന് മറുപടിയുമായി കുന്നത്തനാട് എംഎല്‍എ പിവി ശ്രീനിജന്‍ രംഗത്ത്.

കുന്നത്തുനാട് എംഎല്‍എ കിറ്റെക്സ് കമ്പനിയുടെ പ്രൊഡക്ടാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.

സതീശന്‍ ഏത് സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ലെന്നും ജനപ്രതിനിധിയെ കമ്പോളനിലാവാരത്തില്‍ ഉപമിക്കുന്നത് പ്രതിപക്ഷ നേതാവിനെ പോലൊരു വ്യക്തിക്ക് ചേര്‍ന്നതല്ലെന്നും പിവി ശ്രീനിജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ആരുടെയും മുന്നില്‍ നട്ടെല്ല് വളക്കാതെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് തന്റെ വിജയമെന്നും ആരുടേയും ഔദാര്യത്തിലല്ലാ നിയമസഭയില്‍ ഇരിക്കുന്നതെന്നും സതീശനെ ശ്രീനിജന്‍ മറുപടിക്കുറിപ്പില്‍ വ്യക്തമാക്കി.

”ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിൻ്റെ ഇന്നത്തെ വാർത്താ സമ്മേളനത്തിൽ
ഞാൻ ഏതോ കമ്പനിയുടെ ഉത്പന്നമാണന്നും( Product ) കമ്പനിയുടെ ഔദാര്യത്തിലാണ് ഞാൻ MLA ആയത് എന്നതരത്തിൽ ഒരു അക്ഷേപം പറയുകയുണ്ടായി.
ഞാൻ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് സതീശൻചേട്ടൻ, അദ്ദേഹം ഏത് സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത് എന്നറിയില്ല., അദ്ദേഹത്തെ പോലെ ഈ നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തന്നെ ഏറ്റവും ശ്രദ്ദേയമായ ചതുഷ്കോണ മത്സരം നടന്ന കുന്നത്തുനാട് എന്ന സംവരണ മണ്ഡലത്തിൽ നിന്നും വിജയിച്ച എന്നെ കേവലം ഒരു “കമ്പനിയുടെ ഉത്പ്പന്നം ” എന്ന തരത്തിൽ അധിക്ഷേപിച്ചതിൽ വേദനയുണ്ട്.

ഒരു ജനപ്രതിനിധിയെ കമ്പോളനിലാവാരത്തിൽ ഉപമിക്കുന്നത് അങ്ങയെപ്പോലെയുള്ള ഒരു വ്യക്തിക്ക് ചേർന്നതല്ല. ഒരു കാര്യം അങ്ങയെ ഓർമ്മിപ്പിക്കുകയാണ്
ആരുടെയും മുന്നിൽ നട്ടെല്ല് വളക്കാതെ ഇടതുപക്ഷ പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമാണ് കുന്നത്തുനാട്ടിലെ LDF ൻ്റെ വിജയം.

മുഖ്യധാര മാധ്യമങ്ങളുടെ സർവ്വേകളിൽ മൂന്നാം സ്ഥാനം നൽകിയ എനിക്ക് കയ്യും മെയ്യും മറന്ന് പ്രവർത്തിച്ച സഖാക്കളാണ് വിജയം തന്നത് ., അല്ലാതെ ആരുടേയും ഔദാര്യത്തിലല്ലാ ഞാൻ അങ്ങയോടൊപ്പം നിയമസഭയിൽ ഇരിക്കുന്നത്.
അഡ്വ പി വി ശ്രീനിജിൻ
MLA കുന്നത്തുനാട്”

Exit mobile version