ഭാര്യ വീട്ടുകാര്‍ പണം നല്‍കിയില്ല, രോഷം മകള്‍ക്ക് നേരെ; പ്ലാസ്റ്റിക് കസേരയ്ക്ക് തലയ്ക്ക് അടിച്ചു, മൂന്നുവയസുകാരിക്ക് പരിക്ക്

പാറശ്ശാല: ഭാര്യ വീട്ടുകാര്‍ പണം നല്‍കിയില്ലെന്ന് ആരോപിച്ച് മകളെ മര്‍ദ്ദിച്ച് പിചാവ്. പ്ലാസ്റ്റിക് കസേര കൊണ്ട് തലയില്‍ അടിച്ചായിരുന്നു മര്‍ദ്ദനം. സംസ്ഥാനാതിര്‍ത്തിയായ ചെങ്കവിളയിലാണ് സംഭവം. പണം ആവശ്യപ്പെട്ട് ഭര്‍ത്താവ് മകളെയും തന്നെയും നിരന്തരം മര്‍ദിക്കുന്നതായി കാരോട് അയിര സ്‌കൂളിനു സമീപം ഒറ്റവീട്ട് വിളാകം ഷിജിന്‍ഭവനില്‍ ചിഞ്ചു (28) പരാതിപ്പെട്ടു. രണ്ടുവര്‍ഷമായി ഭര്‍ത്താവ് വിജുകുമാര്‍ മര്‍ദ്ദിക്കുകയാണെന്ന് ചിഞ്ചു പോലീസില്‍ പരാതി നല്‍കി.

തിങ്കളാഴ്ച വൈകീട്ട് മദ്യലഹരിയിലെത്തിയ വിജുകുമാര്‍ കുഞ്ഞിനെയും തന്നെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും ചിഞ്ചു വെളിപ്പെടുത്തി. മൂന്നു വയസുകാരി മകള്‍ ആന്‍മരിയയുടെ തലയില്‍ പ്ലാസ്റ്റിക് കസേര കൊണ്ട് അടിക്കുകയായിരുന്നു. വിജുകുമാര്‍ ചിഞ്ചുവിന്റെ തല പിടിച്ച് ചുവരില്‍ തുടര്‍ച്ചയായി ഇടിക്കുകയും ചെയ്തതായും ചിഞ്ചു ആരോപിച്ചു.

പ്ലാസ്റ്റിക് കസേര കൊണ്ടുള്ള അടിയില്‍ ആന്‍മരിയയുടെ തലയില്‍നിന്നു രക്തം വരുന്നതു കണ്ട് വിജുകുമാര്‍ പുറത്തേക്കു പോയി. ചിഞ്ചു കുട്ടിയുമായി പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി. കുട്ടി ചികിത്സയില്‍ തുടരുകയാണ്. വിവാഹത്തിനു വീട്ടില്‍നിന്ന് നല്‍കിയ സ്വര്‍ണം വിറ്റ് മദ്യപിച്ചശേഷം കൂടുതല്‍ പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്നും ചിഞ്ചു പറയുന്നു.

Exit mobile version