ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം! ആദ്യപടി തന്നെ അവതാളത്തിലാകുമോ ?

പ്ലാസ്റ്റിക് നിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ നിരോധിക്കാന്‍ തീരുമാനമായത്.

കൊച്ചി; സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ സ്റ്റാര്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനം. പ്ലാസ്റ്റിക് നിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ നിരോധിക്കാന്‍ തീരുമാനമായത്. നിരോധന ഉത്തരവ് ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്. ചില്ലുകുപ്പികളില്‍ മാത്രമേ ഇവിടങ്ങളില്‍ ഇനി വെള്ളം ഉപയോഗിക്കാന്‍ പാടുള്ളു. കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് നടപടിക്ക് നേതൃത്വം നല്‍കുന്നത്.

എന്നാല്‍ ഉദ്യോഗസ്ഥ തലത്തിലെ പിടിപ്പുകേട് മൂലം പദ്ധതി അവതാളത്തിലാകുന്ന കാഴ്ചയാകും പുതുവര്‍ഷത്തില്‍ കേരളം കാത്തിരിക്കുക. ആറുമാസം മുമ്പാണ് നിരോധനത്തിനായുള്ള സര്‍ക്കുലര്‍ ബോര്‍ഡ് പുറത്തിറക്കുന്നത്. പക്ഷേ, ഇതുവരെ ഹോട്ടല്‍ ഉടമകള്‍ക്കോ റിസോര്‍ട്ട് ഉടമകള്‍ക്കോ നിരോധനത്തെകുറിച്ച് ഔദ്യോഗികമായ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല.

പത്രമാധ്യമങ്ങളില്‍ നിന്ന് ലഭിച്ചതല്ലാതെ ഉദ്യോഗസ്ഥര്‍ നേരിട്ട് സംസാരിച്ചിട്ടില്ലെന്ന് ഹോട്ടല്‍ ഉടമകളുടെ അസോസിയേഷന്‍ സാക്ഷ്യപ്പെടുത്തുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി സംസാരിച്ചപ്പോള്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ തയ്യാറായില്ല. ചിലര്‍ പറയുന്നത് ഇങ്ങനെയൊരു അറിയിപ്പുമായി ബന്ധപ്പെട്ട് അറിവില്ലെന്നാണ്.

ഭൂമി പ്ലാസ്റ്റിക് മുക്തമാക്കേണ്ട ആസുരകാലത്താണ് ജീവിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് നാം പുഴകളില്‍ തള്ളിയ പ്ലാസ്റ്റിക് ഒന്നടങ്കം കരയ്ക്ക് തിരിച്ചെത്തിയപ്പോള്‍ അതിന്റെ തീവ്രത തിരിച്ചറിഞ്ഞതാണ്. ലോകരാജ്യങ്ങള്‍ പ്ലാസ്റ്റിക്കില്‍ നിന്ന് മാറി നടക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമൂലം പ്ലാസ്റ്റിക് നിരോധനത്തിന്റെ ആദ്യപടി അവതാളത്തിലാകുമോയെന്ന ആശങ്കയിലാണ് പാരിസ്ഥിതി പ്രവര്‍ത്തകര്‍.

Exit mobile version