ലിഫ്റ്റ് തകര്‍ന്ന് അപകടം; മരിച്ച നദീറയ്ക്ക് കൊവിഡ് ബാധ

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് മരിച്ച നദീറയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. അപകടത്തിന് ശേഷം ഒരു മാസത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നദീറ. ഐസിയുവില്‍ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

നദീറയെ വെന്റിലേറ്ററിലേക്ക് മാറ്റിയത് ആറ് ദിവസം മുമ്പാണ്. അപ്പോള്‍ നടത്തിയ ആന്റിജന്‍ പരിശോധന നെഗറ്റീവ് ആയിരുന്നു. ട്രൂ നാറ്റ് പരിശോധനയിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നോണ്‍ – കൊവിഡ് വിഭാഗത്തില്‍ ആയിരുന്നു നദീറയുടെ ചികിത്സയെന്നു ആശുപത്രി അധികൃതരും വ്യക്തമാക്കി. ഇതുകൊണ്ടെല്ലാം തന്നെ രോഗബാധ ആശുപത്രിയില്‍ നിന്ന് തന്നെയാകാം എന്നാണ് നിഗമനം.

പത്തനാപുരം സ്വദേശിനി നദീറ അമ്മയുടെ ചികിത്സയ്ക്കായാണ് ആര്‍സിസിയില്‍ എത്തിയത്. ആര്‍സിസിയുടെ രണ്ടാം നിലയില്‍ തുറന്നു വച്ചിരുന്ന ലിഫ്റ്റിലേക്ക് കാലെടുത്തു വച്ച നദീറ ഏറ്റവും താഴത്തെ നിലയിലാണ് ചെന്ന് വീണത്. അറ്റകുറ്റപണിക്കായി തുറന്നിട്ടിരുന്ന ലിഫ്റ്റിനു മുന്നില്‍ അപായ സൂചനയൊന്നും രേഖപ്പെടുത്താതിരുന്നതാണ് നദീറയുടെ ജീവനെടുത്ത അപകടത്തിനു കാരണമായത്.

Exit mobile version